

സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 14,885 രൂപയും പവന്‍ വില 1,19,080 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 12,230 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 9,520 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,140 രൂപയുമാണ് ഇന്ന് വില.
വെള്ളി വിലയും വലിയ മുന്നേറ്റത്തിലാണ്. ഒറ്റയടിക്ക് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 290 രൂപയിലെത്തി.
രാജ്യാന്തരതലത്തില്‍ സ്വര്‍ണം, വെള്ളി വിലകളിലുണ്ടായ വളര്‍ച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇറാനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായതാണ് വില ഉയരാന്‍ കാരണമായത്.
ഇന്നലെ ഏഷ്യന്‍ വ്യാപാര സമയത്ത് ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,145 ഡോളറിലെത്തി. സ്‌പോട്ട് സില്‍വര്‍ വില 4 ശതമാനം കുതിച്ചുയര്‍ന്ന് ഔണ്‍സിന് 87.9 ഡോളറിലുമെത്തി.
അതേസമയം, യുഎസ് ഡോളര്‍ സൂചിക (US Dollar Index) 99.42ലേക്ക് ഉയര്‍ന്നു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇന്ധനവില കുതിച്ചുയര്‍ന്നത് നാണയപ്പെരുപ്പം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ലോഹവിലയെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ക്രൂഡ് ഓയില്‍ വിലയെ ഉയരത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2022 ജൂണിന് ശേഷം ആദ്യമായി ബാരലിന് 120 ഡോളറിലെത്തി. എന്നാല്‍, വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ജി7 (G7) രാജ്യങ്ങളിലെ ചില അംഗങ്ങള്‍ തങ്ങളുടെ തന്ത്രപ്രധാനമായ എണ്ണശേഖരം (Strategic oil reserves) പുറത്തിറക്കാന്‍ ആലോചിക്കുന്നതായി 'ഫിനാന്‍ഷ്യല്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തതോടെ വിലയില്‍ നേരിയ കുറവുണ്ടായി.
ഫെഡറല്‍ റിസര്‍വും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനോ അല്ലെങ്കില്‍ ഇനിയും വര്‍ധിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത് പലിശയോ ലാഭവിഹിതമോ നല്‍കാത്ത സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. അതേസമയം, ആഗോള ഓഹരി വിപണികളില്‍ വന്‍തോതിലുള്ള വിറ്റഴിക്കല്‍ തുടരുന്ന സാഹചര്യത്തില്‍, പെട്ടെന്ന് പണം കണ്ടെത്താനുള്ള ഒരു മാര്‍ഗമായും (Source of liquidity) നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നുണ്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നതും ഊര്‍ജ്ജ വില ഉയരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നുതന്നെയാണ് വിലയിരുത്തലുകള്‍. വരും ദിവസങ്ങളില്‍ ഔണ്‍സ് വില 5,450 മുതല്‍ 5,600 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കണക്കാക്കപ്പെടുന്നു.
വിലയില്‍ ഇടിവുണ്ടാകുമ്പോള്‍ വിറ്റൊഴിയുന്നതിന് പകരം തന്ത്രപരമായ നിക്ഷേപം (Strategic buying) നടത്താനാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine