

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റം. ഉച്ചയ്ക്ക് ശേഷം ഗ്രാം വില 60 രൂപയും പവന്‍ വില 480 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 11,865 രൂപയിലും പവന് 94,920 രൂപയിലുമാണ് വ്യാപാരം. ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ ഗ്രാമിന് ഇന്നലത്തേക്കാള്‍ 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് യഥാക്രമം 11,925, രൂപയും 95,400 രൂപയുമായിരുന്നു വില. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് പവന്‍ വിലയിലുണ്ടായത് 720 രൂപയുടെ കുറവാണ്.
രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 4,194 ഡോളറായിരുന്ന സ്വര്‍ണ വില നിലവില്‍ 4,187 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് നാളെ പ്രഖ്യാപിക്കുന്ന പണനയത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെങ്കിലും 2026ല്‍ കുറയ്ക്കാന്‍ സാധ്യയില്ലെന്ന വിലയിരുത്തലുകളാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നത്. ഇതിനൊപ്പം യു.എസ് ട്രഷറി ബോണ്ടുകളുടെ നേട്ടം ഉയര്‍ന്നതും സ്വര്‍ണത്തിന് മങ്ങലുണ്ടാക്കി.
ചെറുകാരറ്റുകളുടെ വിലയിലും കുറവുണ്ട്. 18 കാരറ്റിന്റെ വില ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,760 രൂപയായി. 14 കാരറ്റിന്റേത് 40 രൂപ കുറഞ്ഞ് 7,600 രൂപയും ഒമ്പതു കാരറ്റിന് 25 രൂപ കുറഞ്ഞ് 4,930 രൂപയുമായി.
Read DhanamOnline in English
Subscribe to Dhanam Magazine