

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 65 രൂപ വര്‍ധിച്ച് 12,715 രൂപയും പവന്‍ വില 520 രൂപ ഉയര്‍ന്ന് 1,01,720 രൂപയുമായി.
18 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 10,455 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,140 രൂപയും 9 കാരറ്റിന് 5,250 രൂപയുമാണ് ഇന്ന് വില. എം.സി.എക്‌സില്‍ ഫെബ്രുവരി ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.20 ശതമാനം വര്‍ധിച്ച് 1,38,012 രൂപ എന്ന നിലയിലെത്തി.
വെള്ളി വില ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ താഴ്ന്ന് 252 രൂപയിലെത്തി.
ആഗോള വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുമാണ് വീണ്ടും സ്വര്‍ണത്തിന് മുന്നേറ്റത്തിന് വഴിയൊരുക്കിയത്. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 98.99 എന്ന നിലയില്‍ നിന്ന് ലാഭമെടുപ്പിനെ തുടര്‍ന്ന് താഴ്ന്നതും സ്വര്‍ണത്തിന് അനുകൂലമായി. മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ ഇത് അവസരമൊരുക്കിയതാണ് വിലയില്‍ മാറ്റമുണ്ടാക്കിയത്.
അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതും, ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായതും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്നു.
അമേരിക്കയുടെ സാമ്പത്തിക കണക്കുകളിലാണ് നിക്ഷേപകർ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകാൻ ഈ കണക്കുകൾ സഹായിക്കും.
വിപണിയില്‍ സ്വര്‍ണത്തിന് ലഭിക്കുന്ന ശക്തമായ ഡിമാന്‍ഡും വില വര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,01,720 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 11,,10,165 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ഇത് ആഭരണങ്ങളുടെ വിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine