

മഹാനവമി ദിനത്തില്‍ സംസ്ഥാനത്തെ സ്വര്‍ണപ്രിയര്‍ക്ക് ആശ്വാസമായി വിലയില്‍ നേരിയ ഇടിവ്. തുടര്‍ച്ചയായ ദിവസങ്ങളിലെ കുതിപ്പിനു ശേഷം സംസ്ഥാനത്ത് ഇന്ന് പവന്‍ വില 640 രൂപ താഴ്ന്ന് 1,07,920 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയുമായി.
18 കാരറ്റ് സ്വര്‍ണവിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,040 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,635 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,570 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളി വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 230 രൂപയിലാണ് വെള്ളിയുടെ വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ വിപണിയെ പ്രതികൂലമായി ബാധിച്ചത്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് പണപ്പെരുപ്പ ആശങ്കകള്‍ ശക്തമാക്കിയതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നയ യോഗം അടുത്ത ആഴ്ച ചേരാനിരിക്കെ, പലിശ നിരക്കുകള്‍ കൂടുതൽ കാലം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നേക്കുമെന്ന നിക്ഷേപകരുടെ വിലയിരുത്തലും സ്വര്‍ണത്തിന് തിരിച്ചടിയായി.
രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 4,137.84 ഡോളറിലെത്തി. ഡിസംബറിലെ യു.എസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് കരാറുകളും 0.1 ശതമാനം താഴ്ന്ന് 4,165.34 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിന് പിന്നാലെ തൊട്ടടുത്ത ദിവസവും സ്വര്‍ണവില 0.6 ശതമാനം ഇടിഞ്ഞിരുന്നു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 109 ഡോളറിന് മുകളില്‍ എത്തി. മുന്‍ സെഷനില്‍ ഇത് അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 110.70 ഡോളര്‍ വരെ എത്തിയിരുന്നു. സൗദി അറേബ്യയിലെ അരാംകോ കേന്ദ്രത്തിനും സൈനിക-വിമാനത്താവളങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിഭാഗം വ്യക്തമാക്കിയതാണ് എണ്ണ വിതരണ തടസ ഭീതി വര്‍ധിപ്പിച്ചത്.
എണ്ണവില വര്‍ധിക്കുന്നത് പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുമെന്നും, ഇത് പലിശ നിരക്കുകള്‍ ഉയര്‍ന്ന തോതില്‍ തുടരാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുമെന്നും നിക്ഷേപകര്‍ കരുതുന്നു. കടപ്പത്രങ്ങളില്‍ നിന്നുള്ള ആദായവും പലിശ നിരക്കുകളും ഉയര്‍ന്നുനില്‍ക്കുമ്പോള്‍, പലിശയൊന്നും നല്‍കാത്ത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷകത്വം കുറയുകയാണ്.
ഒക്ടോബര്‍ 27-28 തീയതികളില്‍ ചേരുന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നാണ് വിപണി കണക്കുകൂട്ടുന്നത്. ഇതിനുള്ള സാധ്യത 83 ശതമാനമാണെന്ന് സി.എം.ഇ ഫെഡ്‌വാച്ച് ടൂള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഡിസംബറിലെ യോഗത്തില്‍ പലിശ വർധനയുണ്ടാകാന്‍ 94 ശതമാനം സാധ്യതയാണ് വിപണി കല്‍പ്പിക്കുന്നത്. സെപ്റ്റംബറില്‍ ഫെഡ് ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 3.75%-4% പരിധിയിലാക്കിയിരുന്നു.
അടുത്ത ആഴ്ച പുറത്തുവരുന്ന യു.എസ് പേഴ്സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്പെന്‍ഡിച്ചര്‍ (PCE) പ്രൈസ് ഇന്‍ഡക്‌സ് ഡാറ്റയും വിപണി ഉറ്റുനോക്കുന്നുണ്ട്. സെപ്റ്റംബറില്‍ യു.എസിലെ ഉപഭോക്തൃ പണപ്പെരുപ്പം പ്രതിവര്‍ഷം 3.7 ശതമാനമായി ഉയര്‍ന്നിരുന്നു. ഗ്യാസോലിന്‍ വിലയില്‍ മാത്രം 9.1 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുണ്ടായത്.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്.
ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ സംസ്ഥാനത്ത് 1,16,912 രൂപയെങ്കിലും നല്‍കേണ്ടിവരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണത്തിന്റെ അന്തിമ വാങ്ങല്‍ വിലയിലും പ്രതിഫലിക്കും.
Gold prices in Kerala saw a slight drop on Mahanavami following a decline in international spot markets driven by surging crude oil prices and high US Fed rate expectations.
Read DhanamOnline in English
Subscribe to Dhanam Magazine