Begin typing your search above and press return to search.
റെക്കോഡിട്ട് സ്വര്‍ണം വിശ്രമത്തില്‍, ആശങ്ക മാറാതെ വിവാഹ പര്‍ച്ചേസുകാര്‍, വെള്ളി വെളിച്ചത്തില്‍ വെള്ളി
ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ് വിലയില്‍ തുടരുകയാണ് സംസ്ഥാനത്ത് സ്വര്‍ണ വില. പവന് 58,400 രൂപയിലും ഗ്രാമിന് 7,300 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 6,025 രൂപയില്‍ തുടരുന്നു. വെള്ളി വില മൂന്നാമത്തെ ദിവസവും കയറ്റം തുടര്‍ന്നു. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 105 രൂപയിലാണ് വ്യാപാരം.
രാജ്യാന്തര വില ചാഞ്ചാട്ടത്തില്‍
രാജ്യാന്തര വില ഇന്നലെ ഔണ്‍സിന് 2,740.61 ഡോളര്‍ വരെ എത്തിയ ശേഷം പിന്നീട് 2,719.65 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇന്ന് രാവിലെ റെക്കോഡിനടുത്ത് 2,733.94 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ചൈനീസ് കേന്ദ്ര ബാങ്ക് ഒരു വര്‍ഷ, അഞ്ച് വര്‍ഷ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വര്‍ണത്തെ റെക്കോഡിലെത്തിച്ചത്. പിന്നീട് ഡോളർ ശക്തിയാര്‍ജിച്ചതും യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം ഉയര്‍ന്നതും വില ഇടിച്ചു.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍, ഡോളര്‍ ഇന്‍ഡെക്‌സിന്റെ സ്ഥിരത, പലിശ നിരക്ക് കുറയ്ക്കൽ സാധ്യതകൾ, യു.എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയൊക്കെ സ്വര്‍ണത്തിന് പിന്തുണ നല്‍കുന്നുണ്ട്. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന സ്ഥാനം സ്വര്‍ണത്തിന് ലഭിക്കാറുണ്ട്. അതിനാല്‍ സമീപ ഭാവിയില്‍ വില ഉയരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്.
ആഭരണം വാങ്ങുന്നോ?
വിവാഹ പര്‍ച്ചേസുകാര്‍ക്ക് ഉള്‍പ്പെടെ വലിയ തിരിച്ചടിയാണ് സ്വര്‍ണ വില ഉയരത്തില്‍ തുടരുന്നത്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 63,213 രൂപ വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയത് ഇത് 66,220 രൂപയുമാകും. വിവിധ ആഭരണങ്ങള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Next Story
Videos