

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും സര്‍വകാല റെക്കോഡില്‍ തുടരുന്നു. ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമാണ് വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,205 രൂപയിലാണ് വ്യാപാരം. തുടര്‍ച്ചയായ അഞ്ച് ദിവസം അനക്കമില്ലാതിരുന്ന വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തി. ഇന്നലെയാണ് സ്വർണം പുതിയ റെക്കോഡ് കുറിച്ചത്.
അതേസമയം, ഉയര്‍ന്ന വിലയിലും സ്വര്‍ണം വാങ്ങുന്നത് തുടരുകയാണ് മലയാളികളെന്നാണ് വ്യാപാരികളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഓഫ് സീസണ്‍ ആയതിനാല്‍ കാര്യമായ വില്‍പ്പനയില്ലെങ്കിലും സ്വര്‍ണ വില വീണ്ടും ഉയരുമോ എന്ന ആശങ്കയില്‍ അത്യാവശ്യക്കാര്‍ സ്വര്‍ണം വാങ്ങുന്നുണ്ടെന്ന് ഭീമ ജുവലേഴ്‌സ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ പറഞ്ഞു. മുന്‍നിശ്ചയിച്ചതില്‍ നിന്ന് അളവ് കുറച്ചാണ് കൂടുതല്‍ പേരും വാങ്ങുന്നത്. മകരമാസമെത്തുന്നതോടെ വീണ്ടും ഡിമാന്‍ഡ് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ട്രംപിന്റെ പോളിസികള്‍ എന്തൊക്കെയാകുമെന്ന ആശയക്കുഴപ്പം കേരളത്തിലെ ബയേഴ്‌സിലുമുണ്ടായിട്ടുണ്ടെന്ന് ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി തോമസ് പറഞ്ഞു. വില ഉയരുമ്പോള്‍ ആളുകള്‍ കൂടുതലായി സ്വര്‍ണം വാങ്ങുന്നതായാണ് കാണുന്നത്. നേരെമറിച്ച് ചാഞ്ചാടി നില്‍ക്കുമ്പോള്‍ വാങ്ങാന്‍ താത്പര്യം കാണിക്കുന്നില്ല. സ്ഥിരമായ വര്‍ധന കാണിക്കുമ്പോള്‍ വീണ്ടും ഉയരുമെന്ന തോന്നലാണ് വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സ്വര്‍ണ വിലയില്‍ 5 മുതല്‍ 10 ശതമാനം വരെയാണ് ഉയര്‍ച്ച പ്രതീക്ഷിക്കുന്നതെന്നും അതിനു ശേഷം വില സ്ഥിരത പ്രാപിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,763.72 ഡോളറിലെത്തിയിരുന്നു. റെക്കോഡ് വിലയായ 2,790 ഡോളറിന് അടുത്താണ് വ്യാപാരം. മെക്‌സിക്കോയും കാനഡയും ചൈനയും കടന്ന് യൂറോസോണിലേക്ക് വരെ എത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപിന്റെ നോട്ടം. ഇത് വ്യാപാര യുദ്ധത്തിന് വഴി തെളിക്കുമെന്ന ആശങ്കകളാണ് സ്വര്‍ണത്തെ ഉയരത്തിലേക്ക് നയിക്കുന്നത്. യു.എസ് ഡോളര്‍ ഇന്‍ഡെസ്‌ക്‌സ് 0.08 ശതമാനം ഉയര്‍ന്ന് 108.16ലെത്തി.യു.എസിന്റെ 10 വര്‍ഷക്കാലവധിയുള്ള കടപ്പത്രങ്ങളുടെ നേട്ടം ഇന്നലെ ചെറുതായി ഉയര്‍ന്നു.
മിഡില്‍ ഈസ്റ്റില്‍ ഇസ്രായേല്‍ -ഹമാസും തമ്മിലുള്ള വെടിനിറുത്തല്‍ കരാര്‍ പ്രാബല്യത്തിലായെങ്കിലും തെക്കന്‍ ലെബനനിലെ ഹസ്ബയ മേഖലയില്‍ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി വാര്‍ത്തകളുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ചേക്കാറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന കാര്യങ്ങളാണ് ഇവ.
ഈ ആഴ്ച യു.എസിലെ പ്രാഥമിക തൊഴില്‍ കണക്കുകളും എസ് ആന്‍ഡ് പി ഗ്ലോബല്‍ പി.എം.ഐ കണക്കകുളും ഹൗസിംഗ് ഡേറ്റകളും പുറത്തു വരും. ഇതും വിലയിൽ സ്വാധീനം ചെലുത്തും.
Read DhanamOnline in English
Subscribe to Dhanam Magazine