മിഡിൽ ഈസ്റ്റ് സംഘർഷം, പണപ്പെരുപ്പം, രൂപയുടെ വീഴ്ച: സ്വര്‍ണത്തിലേക്ക് അഭയം തേടി ആഗോള വിപണി, കേരളത്തില്‍ വില കുതിച്ചുയര്‍ന്നു

ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 14,255 രൂപയിലും പവന് 880 രൂപയുടെ വര്‍ധനയോടെ 1,14,040 രൂപയിലുമെത്തി
gold price
Image courtesy: Canva
Published on

പശ്ചിമേഷ്യയില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ കുതിപ്പ്. ഇന്ന് ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 14,255 രൂപയിലും പവന് 880 രൂപയുടെ വര്‍ധനയോടെ 1,14,040 രൂപയിലുമെത്തി.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 11,710 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9,120 രൂപയും 9 കാരറ്റിന് 5,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.

ആഗോളതലത്തിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലെ ആഭരണ വിപണിയെ നേരിട്ടാണ് ബാധിക്കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചെറിയ തോതില്‍ കുറഞ്ഞാല്‍ പോലും രൂപയുടെ മൂല്യമിടിയുന്നത് കേരളത്തിലെ സ്വര്‍ണവില ഉയര്‍ന്ന തലത്തില്‍ തന്നെ നിലനിര്‍ത്താന്‍ കാരണമാകുന്നു.

എണ്ണവിലയും പണപ്പെരുപ്പ ഭീഷണിയും

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവിതരണം തടസപ്പെടുമോ എന്ന ആശങ്ക ശക്തമാണ്. ഇതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ലോക സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പം വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കും. ഗതാഗതം, ഉല്‍പാദനം തുടങ്ങിയ മേഖലകളിലെ ചെലവ് ഉയരുന്നതോടെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിപ്പിച്ചേക്കും. ഉയര്‍ന്ന പലിശനിരക്ക് സാധാരണയായി പലിശ ലഭിക്കാത്ത സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തിരിച്ചടിയാകാറുണ്ടെങ്കിലും, നിലവിലെ യുദ്ധസാഹചര്യം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടുകയാണ്.

രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയാകുന്നു

വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് എണ്ണവില വര്‍ധന വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. എണ്ണവാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചെലവഴിക്കേണ്ടി വരുന്നതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 95 രൂപയ്ക്ക് മുകളിലേക്ക് നീങ്ങി. രൂപ ദുര്‍ബലമാകുന്നത് ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി ചെലവേറ്റുകയും സംസ്ഥാനത്തെ സ്വര്‍ണവില കുറയാതിരിക്കാന്‍ കാരണമാകുകയും ചെയ്യുന്നു.

യുദ്ധം തുടക്കത്തില്‍ കേവലം ഭൗമരാഷ്ട്രീയ വിഷയമായി കണ്ട വിപണി, ആറുമാസം പിന്നിടുമ്പോള്‍ എണ്ണവിതരണം, പണപ്പെരുപ്പം, ഫെഡ് പലിശനിരക്ക്, ഡോളര്‍, രൂപ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയായാണ് അതിനെ വിലയിരുത്തുന്നത്. ഈ ഘടകങ്ങളെല്ലാം ചേര്‍ന്നാണ് വരും ദിവസങ്ങളിലും സ്വര്‍ണവിലയുടെ ദിശ നിര്‍ണയിക്കുക.

Gold rates in Kerala witnessed a sharp hike following escalating Middle East conflicts and crude oil price volatility.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com