പശ്ചിമേഷ്യയില്‍ തെന്നി സ്വര്‍ണത്തിന് വീണ്ടും വീഴ്ച, ഈ മാസത്തെ ഇടിവ് 3,920 രൂപ, വില എത്ര വരെ കുറയും?

ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു; ഒരു പവൻ സ്വര്‍ണത്തിന്റെ വില 1,11,240 രൂപയായി.
gold ornament
Envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയും പവന് 760 രൂപ താഴ്ന്ന് 1,11,240 രൂപയുമായി. രാജ്യാന്തര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും വിലയിടിവ് തുടരുന്നത്.

അമേരിക്കയില്‍ തൊഴിലവസരം കൂടിയത് ഫെഡറല്‍ റിസര്‍വിനെ പലിശ ഉയര്‍ത്തുന്നതിലേക്ക് നയിക്കുമെന്ന നിരീക്ഷണങ്ങളാണ് രാജ്യാന്തര സ്വര്‍ണ വിലയെ താഴ്ത്തിയത്. നിലവില്‍ കാല്‍ ശതമനത്തോളം ഇടിഞ്ഞ് ഔണ്‍സിന് 4,317 ഡോളറിലാണ് വ്യാപാരം.

ചെറു കാരറ്റുകളും വെള്ളിയും

ചെറുകാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് ആനുപാതികമായ കുറവുണ്ട്. 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,425 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,900 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,740 രൂപയുമാണ് വില.

വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 265 രൂപയില്‍ തുടരുന്നു.

വില ഇനിയും ഇടിയുമോ?

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍, അസംസ്‌കൃത എണ്ണ (crude oil) വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ഈ ആഴ്ച പുറത്തുവരാനിരിക്കുന്ന സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ (economic data) എന്നിവ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത് തുടരുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍.

ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചതിനു പിന്നാലെ ക്രൂഡോയില്‍ വില ബാരലിന് 3.73 ശതമാനം മുന്നേറിയിട്ടുണ്ട്. ഇത് പണപ്പെരുപ്പത്തിന് ഇടയാക്കുമെന്ന ആശങ്കകള്‍ക്ക് വഴി വച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അമേരിക്ക പലശ നിരക്ക് ഉയര്‍ത്തും. ഇത് സ്വര്‍ണത്തിന്റെ വില ഇടിവിന് കാരണമാകുകയും ചെയ്യും.

ചൈന, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര-നാണയപ്പെരുപ്പ കണക്കുകളും, വാഷിംഗ്ടണില്‍ നിന്നുള്ള ഉപഭോക്തൃ വികാര സൂചികയും (consumer sentiment data), ഇന്ത്യയുടെ ഉപഭോക്തൃ വിലസൂചിക (CPI) വിവരങ്ങളും വിപണി നിരീക്ഷകര്‍ അതീവ ശ്രദ്ധയോടെയായിരിക്കും വീക്ഷിക്കുക.

ഇതിനുപുറമെ, വിലയേറിയ ലോഹങ്ങളുടെയും പൊതുവായ കമ്മോഡിറ്റി വിപണിയുടെയും നീക്കങ്ങളെ സ്വാധീനിച്ചേക്കാവുന്ന സൂചനകള്‍ക്കായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ECB) നയപ്രഖ്യാപന തീരുമാനങ്ങളെയും നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്.

സ്വര്‍ണ ശേഖരം ഉയര്‍ത്തി കേന്ദ്ര ബാങ്കുകള്‍

അതേസമയം, മാര്‍ച്ച് 2026-ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സ്വര്‍ണ ശേഖരം റെക്കോര്‍ഡ് അളവായ 880.52 ടണ്ണില്‍ എത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 320 ടണ്ണിലധികം വര്‍ധനയാണ് ഇതിലുണ്ടായത്. കൂടാതെ, സ്വര്‍ണം വിറ്റഴിച്ചതായുള്ള വാര്‍ത്തകള്‍ കേന്ദ്ര ബാങ്ക് നിഷേധിക്കുകയും, സ്വര്‍ണ്ണ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ സുരക്ഷിതമായി തുടരുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

ആഗോളതലത്തിലും, മാര്‍ച്ച് മാസത്തിലെ വലിയ തോതിലുള്ള വില്‍പ്പനയ്ക്ക് ശേഷം, ഏപ്രില്‍ മാസത്തില്‍ കേന്ദ്ര ബാങ്കുകള്‍ വീണ്ടും സ്വര്‍ണം വാങ്ങിത്തുടങ്ങിയിട്ടുണ്ട്; ഇത്തവണ 19 ടണ്‍ സ്വര്‍ണ്ണമാണ് ബാങ്കുകള്‍ വാങ്ങിക്കൂട്ടിയത്. ഇതില്‍ 14 ടണ്‍ സ്വര്‍ണം കൂടി സ്വന്തമാക്കിയ പോളണ്ടാണ് ഏറ്റവും വലിയ വാങ്ങലുകാരായി തുടരുന്നത്. ഇതോടെ ഈ വര്‍ഷം ഇതുവരെ പോളണ്ട് വാങ്ങിയ ആകെ സ്വര്‍ണത്തിന്റെ അളവ് 45 ടണ്ണായി ഉയര്‍ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com