

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കുറഞ്ഞതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി നിരക്ക് താഴേക്ക് പോയി.
ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 1,14,560 രൂപയായിരുന്നു വില. ഇതില്‍ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ 8,720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണവില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ആഭരണപ്രേമികള്‍. വില്പന കുറഞ്ഞതോടെ പവന്‍ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേക്കുമെന്ന നിഗമനങ്ങളും വിപണി വൃത്തങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം, ഇന്നത്തെ പവന്‍ വില പ്രകാരം ഒരു പവന്‍ ആഭരണം ജ്വല്ലറിയില്‍ നിന്ന് വാങ്ങണമെങ്കില്‍ പണിക്കൂലിയും ജി.എസ്.ടിയും മറ്റ് നികുതികളും അടക്കം ഏകദേശം 1,14,625 രൂപയോളം ചെലവ് വരും.
രാജ്യാന്തര വിപണിയില്‍ യുഎസ് ഡോളര്‍ ശക്തിപ്രാപിച്ചതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,056 ഡോളറിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
യുഎസ് ടെക്‌നോളജി ഓഹരികളിലുണ്ടായ കനത്ത ഇടിവിനെ തുടര്‍ന്ന് മറ്റ് പോര്‍ട്ട്‌ഫോളിയോകളിലെ നഷ്ടം നികത്താനായി വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചതും പെട്ടെന്നുള്ള വിലയിടിവിന് കാരണമായി. യുഎസ് ഫെഡറല്‍ റിസര്‍വ് ധനനയം കര്‍ശനമാക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഡോളര്‍ സൂചിക ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 101.52-ല്‍ എത്തി നില്‍ക്കുകയാണ്. യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഈ വര്‍ഷം മൂന്ന് തവണ കൂടി പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 17 മുതല്‍ ഡോളര്‍ സൂചിക 100-ന് മുകളിലാണ് തുടരുന്നത്.
വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന യുഎസ് പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (PCE) ഡാറ്റയിലേക്കാണ് ഇപ്പോള്‍ സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. ഫെഡറല്‍ റിസര്‍വ് പണപ്പെരുപ്പം വിലയിരുത്തുന്ന പ്രധാന സൂചികയാണിത്. ഇതിലെ വിവരങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ വരുംദിവസങ്ങളില്‍ സ്വര്‍ണവില ഏത് ദിശയിലേക്ക് നീങ്ങുമെന്ന് വ്യക്തമാകൂ.
കേരളത്തിലെ സാധാരണക്കാരായ നിക്ഷേപകരെയും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെയും സംബന്ധിച്ച് നിലവിലെ വിലക്കുറവ് അനുകൂലമായ അവസരമായാണ് വിപണി വിദഗ്ധര്‍ കാണുന്നത്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,875 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,470 രൂപയും 9 കാരറ്റിന് 5,460 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വര്‍ണത്തോടൊപ്പം വെള്ളി വിലയിലും ഇടിവുണ്ടായി. ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine