സ്വര്‍ണ വിലയില്‍ ഇടിവ്, ആശ്വാസം താത്കാലികം മാത്രം? പ്രവചനവുമായി പ്രമുഖ ബാങ്കിംഗ് ഭീമൻ!

അന്താരാഷ്ട്ര വിപണിയിലെ ഇടിവ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചു; പവൻ വില 1,09,400 രൂപയിലേക്ക് താഴെ
സ്വര്‍ണ വിലയില്‍ ഇടിവ്, ആശ്വാസം താത്കാലികം മാത്രം?  പ്രവചനവുമായി പ്രമുഖ ബാങ്കിംഗ് ഭീമൻ!
Published on: 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 100 രൂപയുടെ കുറവോടെ 13,675 രൂപയായി. കഴിഞ്ഞ ദിവസം ഗ്രാമിന് 95 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഈ ഇടിവ്.

മറ്റു ചെറു കാരറ്റുകളുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,235 രൂപയിലും, 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 8,750 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 235 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയിലെ മാറ്റങ്ങള്‍

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 0.88 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,140 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വില കുറയാന്‍ ഇടയാക്കിയത്. യു.എസിലെ തൊഴില്‍ കണക്കുകള്‍ പ്രതീക്ഷിച്ചത്ര മെച്ചപ്പെടാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടാനുള്ള സാധ്യത കുറഞ്ഞിരുന്നു. ഇത് സാധാരണഗതിയില്‍ സ്വര്‍ണവിലയ്ക്ക് കരുത്താകേണ്ടതായിരുന്നു.

എന്നാല്‍, യു.എസ് ബോണ്ട് വിപണിയിലുണ്ടായ തിരിച്ചടിയും ഡോളറിന്റെ മൂല്യം ഉയര്‍ന്നതും സ്വര്‍ണത്തിന്റെ കുതിപ്പിന് തടസമായി. ഇതോടെ വെള്ളിയാഴ്ച ആഗോള വിപണിയില്‍ വലിയ ചലനങ്ങളൊന്നുമുണ്ടാകാതിരിക്കുകയും, ഈ ആഴ്ച ആകെ മൂന്ന് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.

വന്‍ കുതിപ്പിന് സാധ്യതയെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഉയരുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെ വിലയിരുത്തല്‍. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ബോണ്ട് ഈല്‍ഡിലെ വ്യതിയാനങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ (Safe Haven) സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ വ്യാപകമായി ആകര്‍ഷിക്കപ്പെടുന്നുണ്ട്.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ധനശേഖരം ഉയര്‍ത്തുന്നതിനായി വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഭാവിയിലെ വില വര്‍ധനയ്ക്ക് പ്രധാന ഇന്ധനമാകും. ഭൗമരാഷ്ട്രീയ (Geopolitical) സംഘര്‍ഷങ്ങളും ഡോളറിന്റെ മൂല്യത്തിലെ വ്യതിയാനങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് ചൂണ്ടിക്കാട്ടുന്നു.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,18,817 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Domestic gold rates slide following global market trends, while Goldman Sachs forecasts a strong long-term rally driven by central bank buying and economic uncertainty.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com