ഹോര്‍മൂസ് വഴി തിരിച്ചിറക്കം, സ്വര്‍ണ വിലയിലെ ഇന്നത്തെ മാറ്റം അറിയാം, ഇനി എങ്ങോട്ട്?

അഞ്ചാം ദിവസവും അനങ്ങാതെ വെള്ളി വില
ഹോര്‍മൂസ് വഴി തിരിച്ചിറക്കം, സ്വര്‍ണ വിലയിലെ ഇന്നത്തെ മാറ്റം അറിയാം, ഇനി എങ്ങോട്ട്?
Envato
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും തിരിച്ചിറക്കം. ഗ്രാം വില 75 രൂപ താഴ്ന്ന് 13,735 രൂപയായി. പവന്‍ വില 600 രൂപ ഇടിഞ്ഞ് 1,09,880 രൂപയിലെത്തി.

18 കാരറ്റിന് ഗ്രാമിന് 60 രൂപ താഴ്ന്ന് 11,290 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,790 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,670 രൂപയുമാണ് വില. വെള്ളി വില കഴിഞ്ഞ അഞ്ച് ദിവസമായി മാറാതെ നില്‍ക്കുകയാണ്. ഗ്രാമിന് 250 രൂപ.

ഹോര്‍മൂസില്‍ തട്ടി

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള ചൊവ്വാഴ്ചത്തെ സമയപരിധിക്ക് മുന്നോടിയായി യുഎസ്-ഇറാന്‍ സാഹചര്യത്തിലെ കൂടുതല്‍ സൂചനകള്‍ക്കായി നിക്ഷേപകര്‍ കാത്തിരുന്നതോടെ രാജ്യാന്തര സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതാണ് കേരളത്തിലും പ്രതിഫലിച്ചത്. ഔണ്‍സിന് 4,649 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എം.സി.എക്‌സിലും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. യുഎസ് ഡോളര്‍ സൂചിക 100-ന് മുകളില്‍ തുടരുന്നതും ലാഭമെടുപ്പും വിലയെ സ്വാധീനിച്ചു.

സ്വര്‍ണവില ഓരോ തവണ ഉയരുമ്പോഴും ലാഭമെടുപ്പ് പ്രവണത കാണപ്പെടുന്നുണ്ട്.

ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നിലപാടുകളെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ തുടരുന്നത് യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിപ്പിച്ചു. ഇന്ന് ബ്രെന്റ് ക്രൂഡ് ഒരു ശതമാനത്തിലധികം ഉയര്‍ന്ന് ബാരലിന് 111 ഡോളറിലെത്തി.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, ഒരൊറ്റ രാത്രികൊണ്ട് ഇറാനെ തകര്‍ക്കാന്‍ കഴിയുമെന്ന് ഇന്നലെ ഉച്ചയ്ക്ക് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് തൊഴില്‍ കണക്കുകളും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതായിരുന്നു. മാര്‍ച്ചില്‍ 1,78,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി കുറയുകയും ചെയ്തത് വിലക്കയറ്റത്തെ നിയന്ത്രിക്കുന്നുണ്ട്.

യുദ്ധത്തിലും പലിശ നിരക്കുകളിലുമായിരിക്കും വിപണി ഇനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍, വിതരണത്തിലെ കുറവ് മൂലം എണ്ണവില വീണ്ടും ഉയരും. ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ധപ്പിക്കാന്‍ കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ഇത് ഫെഡറല്‍ റിസര്‍വ് നയങ്ങളില്‍ ഇളവ് വരുത്താനുള്ള സാഹചര്യം കുറയ്ക്കുന്നു. എണ്ണ വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായേക്കാം; ഇത് സ്വര്‍ണവിലയെ സംബന്ധിച്ചിടത്തോളം ഗുണകരമല്ല.

ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,09,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,13,230 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com