

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,145 രൂപയും പവന് 760 രൂപ താഴ്ന്ന് 1,13,160 രൂപയുമായി.
ചെറു കാരറ്റുകള്‍ക്കും ഇന്ന് വില ഇടിഞ്ഞു. 18 കാരറ്റിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,620 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,050 രൂപയും ഒമ്പത് കാരറ്റിന് 40 രൂപ കുറഞ്ഞ് 5,835 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 250 രൂപയില്‍ തുടരുന്നു.
ഇന്നലെ രാജ്യാന്തര വിലയില്‍ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതാണ് വിലയില്‍ പ്രതിഫലിച്ചത്. ഔണ്‍സ് വില 4,346 ഡോളര്‍ വരെ താഴ്ന്നിരുന്നു. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ഉയര്‍ന്ന പലിശനിരക്ക് തുടരുമെന്ന പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുകയും ചെയ്തതാണ് രാജ്യാന്തര സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടാക്കിയത്. അതേസമയം, ഇന്ന് വില 4,376 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് (പിപിഐ) ഡാറ്റയ്ക്കായും നാളെ പുറത്തുവരുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) ഡാറ്റയ്ക്കായും കാത്തിരിക്കുകയാണ് വിപണികള്‍. ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് സംബന്ധിച്ച ഭാവി നിലപാടുകളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കാന്‍ ഈ പണപ്പെരുപ്പ കണക്കുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായ നാലാം ദിവസവും ഉയര്‍ന്നു. വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ചെലവുകള്‍ സമ്പദ്വ്യവസ്ഥയെ പൊതുവായി ബാധിക്കുന്നത് പണപ്പെരുപ്പം ഉയരാന്‍ കാരണമാകുമെന്നതിനാല്‍, ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് സ്വര്‍ണവിലയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,22,549 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold prices in Kerala registered a decline today following a overnight dip in international bullion rates, driven by West Asia geopolitical tensions and US inflation data expectations.
Read DhanamOnline in English
Subscribe to Dhanam Magazine