

ഓണവിപണി സജീവമായിരിക്കെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,940 രൂപയിലും, പവന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുമ്പോഴും ഓണക്കാലത്തെ ആഭരണ വില്‍പ്പനയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
മറ്റ് കാരറ്റുകളിലും ഇന്ന് കുറവ് പ്രതിഫലിച്ചു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,275 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,555 രൂപയിലും, 9 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 6,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയില്‍ തുടരുന്നു.
അതേസമയം, ആഗോള വിപണിയിൽ സ്വര്‍ണവില (XAU/USD) വീണ്ടും കരുത്താര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ 15 ആഴ്ചത്തെ ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 4,697 ഡോളര്‍ എന്ന റെക്കോര്‍ഡിലേക്ക് വീണ്ടും എത്തുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ വില 4,643 ഡോളര്‍ വരെ ഉയര്‍ന്നു. നിലവില്‍ 4,626 ഡോളര്‍ നിലവാരത്തിലാണ് അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം.
യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണത്തിന് പ്രധാന പിന്തുണയായത്. അമേരിക്കയിലെ പേഴ്‌സണല്‍ കണ്‍സപ്ഷന്‍ എക്‌സ്പന്‍ഡിച്ചര്‍ (PCE) പണപ്പെരുപ്പ നിരക്കുകള്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന തലത്തിലാണെങ്കിലും, ഡോളര്‍ തളര്‍ന്നത് നിക്ഷേപകര്‍ മുതലാക്കുകയായിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ജാക്‌സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ നടത്തുന്ന പ്രസംഗത്തിനായി കാത്തിരിക്കുകയാണ് സാമ്പത്തിക ലോകം. സെപ്റ്റംബറില്‍ നടക്കുന്ന യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകള്‍ ഡോളര്‍ ഇന്‍ഡക്‌സിന് തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പും (IRGC) ഒമാനും വരുമാന പങ്കുവെക്കല്‍ കരാറിലെത്തിയെന്ന വാര്‍ത്തകളും, മിഡില്‍ ഈസ്റ്റിലെ പുതിയ നീക്കങ്ങളെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിപണി വികാരത്തെ സ്വാധീനിച്ചിട്ടുണ്ട്.
Gold prices in Kerala saw a dip during the Onam shopping season, providing mild relief to buyers even as global bullion markets trade near multi-week highs.
Read DhanamOnline in English
Subscribe to Dhanam Magazine