

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 25 രൂപ താഴ്ന്ന് 14,530 രൂപയിലും പവന്‍ വില 200 രൂപ ഇടിഞ്ഞ് 1,16,240 രൂപയിലുമാണ് വ്യാപാരം. 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ താഴ്ന്നു. ഗ്രാമിന് 11,940 രൂപ. 14 കാരറ്റിന് ഗ്രാമിന് 9,295 രൂപയിലും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,995 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ഗ്രാമിന് മാറ്റമില്ലാതെ 290 രൂപയില്‍ തുടരുന്നു.
ഇന്നലെ രാജ്യാന്തര സ്വര്‍ണ വില 5,203 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 5,055 ഡോളറിലാണ് ഔണ്‍സ് വില.
ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങളെത്തുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണവിലയില്‍ ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തി. യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്
യുഎസ് സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതാണ് സ്വര്‍ണ, വെള്ളി വിലകളെ സ്വാധീനിക്കുന്നത്. കൂടാതെ, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ഇത് ശക്തമാക്കിയിട്ടുണ്ട്, ഇത് സ്വര്‍ണവിലയെ സംബന്ധിച്ചിടത്തോളം വലിയ പോസിറ്റീവ് ഘടകമാണ്.
യുഎസിലെ ഡിസംബറിലെ റീട്ടെയില്‍ വില്‍പനയില്‍ മാറ്റമൊന്നുമുണ്ടായില്ല, ഒക്ടോബറിലെ റീട്ടെയില്‍ വില്‍പന കണക്കുകള്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് കുറച്ചിട്ടുമുണ്ട്.
ബുധനാഴ്ച വൈകിട്ട് പുറത്തുവരാനിരിക്കുന്ന ജനുവരിയിലെ നോണ്‍-ഫാം പേറോള്‍സ് (non-farm payrolls) റിപ്പോര്‍ട്ടിലേക്കും, വെള്ളിയാഴ്ച വരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകളിലേക്കുമാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കലിന് ദിശപകരുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,240 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,31,986 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Gold price dips slightly in Kerala with 22K gold at ₹1,16,240 per sovereign; retail rates stay high due to making charges and taxes.
Read DhanamOnline in English
Subscribe to Dhanam Magazine