ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം; കേരളത്തില്‍ വില താഴേക്ക്, വിപണിയില്‍ ഇനി നീക്കം എങ്ങനെ?

ആഗോള വിപണിയിലെ തളർച്ചയും യു.എസ് ട്രഷറി യീൽഡ് ഉയർന്നതുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
gold jewellery rates kerala today
പ്രതീകാത്മക ചിത്രംAI assisted image
Published on: 

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ ഗ്രാം വില 13,995 രൂപയിലും പവന്‍ വില 1,11,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 11,500 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,955 രൂപയിലും 9 കാരറ്റിന് 5 രൂപ കുറഞ്ഞ് 5,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 245 രൂപയിലാണ് വെള്ളി നിരക്ക്.

ആഗോള വിപണിയിലെ തിരിച്ചടി

രാജ്യാന്തര വിപണിയിൽ സ്വര്‍ണവിലയിലുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇന്നലെ 0.20 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,287.25 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം ആഗോള വിപണിയിൽ 1.7 ശതമാനത്തോളം ഇടിവ് സ്വര്‍ണം രേഖപ്പെടുത്തിയിരുന്നു. യു.എസ് ട്രഷറി യീല്‍ഡ് ഉയര്‍ന്നതും യു.എസ് ഫെഡറല്‍ റിസര്‍വ് വരും ദിവസങ്ങളിൽ പലിശനിരക്ക് കൂട്ടിയേക്കുമെന്ന ശക്തമായ സൂചന നൽകിയതുമാണ് തിരിച്ചടിയായത്.

മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ആഴ്ച ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കാല്‍ ശതമാനം (0.25%) വര്‍ധന വരുത്തിയിരുന്നു. സി.എം.ഇ ഫെഡ്വാച്ച് ടൂൾ (CME FedWatch Tool) പ്രകാരം ഒക്ടോബറില്‍ പലിശനിരക്ക് വീണ്ടും കൂട്ടാന്‍ 71 ശതമാനവും ഡിസംബറില്‍ നിരക്ക് ഉയർത്താൻ 95 ശതമാനവും സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. സാധാരണയായി പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമായി (Hedge against inflation) നിക്ഷേപകർ സ്വര്‍ണത്തെയാണ് കാണാറുള്ളത്. എന്നാൽ പലിശനിരക്ക് ഉയരുമ്പോൾ മികച്ച വരുമാനം നല്‍കുന്ന മറ്റ് നിക്ഷേപങ്ങളിലേക്ക് (Yield-bearing assets) നിക്ഷേപകര്‍ മാറുന്നത് സ്വര്‍ണത്തിന്റെ ആവശ്യകത കുറയ്ക്കാൻ കാരണമാകുന്നു.

ആശ്വാസമായി എണ്ണവിലയും ഡോളറും

അതേസമയം, ഇറാന് മേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി യു.എസും ഇറാാനും തമ്മില്‍ ന്യൂയോര്‍ക്കില്‍ ചർച്ചകൾ നടക്കുന്നത് വിപണി ഉറ്റുനോക്കുന്നുണ്ട്. എണ്ണവില കുറയുകയും യു.എസ് ഡോളര്‍ നിരക്ക് 0.2 ശതമാനത്തോളം താഴുകയും ചെയ്തത് മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കി. ഉത്സവസീസണിന് മുന്നോടിയായി വിലയിലുണ്ടായ ഈ കുറവ് ഉപഭോക്താക്കളെ ആകര്‍ഷിച്ചതോടെ ഈ ആഴ്ച ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നത് സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് (Hard assets) ആളുകളെ തിരിച്ചെത്തിച്ചേക്കാം. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത തുടരുന്നതും നാലാം പാദത്തില്‍ (Q4) സ്വര്‍ണവില ശക്തമായി തിരിച്ചുവരാൻ വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര കൊടുക്കണം?

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,21,285 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും

Domestic gold prices in Kerala dipped today mirroring global trends driven by rising US Treasury yields and Fed rate hike expectations, while physical demand shows festive resilience.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com