
സംസ്ഥാനത്ത് സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ പവന്‍ വില 73,240 രൂപയും ഗ്രാം വില 9,155 രൂപയുമായിരുന്നു.
ഇന്നലത്തെ വിലയില്‍ നിന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറച്ചായിരുന്നു രാവിലെ വിലയിട്ടത്. അന്താരാഷ്ട്ര സ്വര്‍ണ വില ഒന്നര ശതമാനത്തോളം ഇടിഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തിലും ഉച്ചയ്ക്ക് 1.30 ഓടെ വില പുതുക്കിയത്. നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണം ഔണ്‍സിന് 3,326 ഡോളറിലാണ് വ്യാപാരം.
ജൂണ്‍ 14ന് കുറിച്ച റെക്കോഡ് വിലയായ 74,560 രൂപയില്‍ നിന്ന് 1800 രൂപയോളമാണ് സ്വര്‍ണ വിലയില്‍ കുറവ് വന്നത്.
ഇറാനും-ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. യുദ്ധം കടുത്തതോടെ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയ നിക്ഷേപകര്‍ സാഹചര്യം മാറിയതോടെ മറ്റ് നിക്ഷേപത്തിലേക്ക് തിരിഞ്ഞത് ഡിമാന്റ് കുറച്ചു.
അതേസമയം, ഇസ്രായേല്‍-ഇറാന്‍ ആക്രമണം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും മിസൈലുകള്‍ പ്രയോഗിച്ചതായും ആരോപിച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine