

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച് 24) രാവിലെ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 2,160 രൂപ ഇടിഞ്ഞ് പുതിയ വിപണി വില 1,02,920 രൂപയായി. ഈമാസത്തെ താഴ്ന്ന വില നിലവാരത്തിന് സമീപമാണിത്.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ താഴ്ന്ന് പുതുക്കിയ വില 10,575 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 175 രൂപ കുറഞ്ഞ് വിപണി വില 8,235 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ കുറഞ്ഞ് പുതിയ വില 5,315 രൂപയുമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റം രേഖപ്പെടുത്തിയത്.
ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് കടുത്ത ചാഞ്ചാട്ടം നേരിടാൻ ഇടയാക്കിയത്. ഇന്നലെ തുടക്കത്തിൽ പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുകയാണെന്ന പ്രതീതിയിൽ സ്വർണ വില 9 ശതമാനം ഇടിഞ്ഞ് 4,100 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാൽ ട്രംപിന്റെ വെടി നിർത്തൽ പ്രഖ്യാപനം വന്നതോടെ നഷ്ടത്തിൽ നിന്നും കരകയറി സ്വർണം നേട്ടത്തിലേക്ക് മടങ്ങിയെത്തി.
എന്നാൽ അനുരഞ്ജന ചർച്ചകളെ കുറിച്ചുള്ള വാർത്തകൾ ഇറാൻ നേതൃത്വം തള്ളിക്കളഞ്ഞതോടെ സ്വർണം വീണ്ടും നഷ്ടത്തിലേക്ക് വീണു. 3 ശതമാനം നഷ്ടവുമായാണ് ഇന്നലെ ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഒരു ശതമാനം ഇടിവോടെ 4,350 ഡോളർ നിരക്കിലാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നു.
സംസ്ഥാന വിപണിയിൽ വെള്ളിയുടെ നിരക്കുകളിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വിലയിൽ 5 രൂപയുടെ വർധനയാണ് കുറിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയായി. ആനുപാതികമായി 10 ഗ്രാമിന് 2,350 രൂപയും 100 ഗ്രാം വെള്ളിയുടെ വില 23,500 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയും വീതമാണ് ഇന്നത്തെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിയുടെ വില 230 രൂപയായിരുന്നു. ഇന്നലെ സ്വർണ വിലയിൽ നാല് തവണ മാറ്റമുണ്ടായിട്ടും വെള്ളി നിരക്ക് മാറിയിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ വീണ്ടും മാറ്റം രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ചുമത്തുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് ചുരുങ്ങിയത് 1,06,061 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine