

സംസ്ഥാനത്ത് സ്വർണ വിലയിൽ ചൊവ്വാഴ്ച (2026 മാർച്ച് 3) രണ്ടാം തവണയും ഇടിവ് രേഖപ്പെടുത്തി. വൈകുന്നേരം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 220 രൂപ കുറഞ്ഞ് പുതിയ വിപണി വില 15,365 രൂപയിലേക്ക് താഴ്ന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 1,760 രൂപ ഇടിഞ്ഞ് പുതുക്കിയ വില 1,22,920 രൂപയായി.
ഇന്ന് രാവിലെ 22 കാരറ്റിന്റെ ഒരു ഗ്രാമിന് 45 രൂപയും പവന് 360 രൂപയും ഇടിവ് നേരിട്ടാണ് കേരളത്തിലെ വിപണിയിൽ സ്വർണ വ്യാപാരം ആരംഭിച്ചത്. വൈകുന്നേരവും നിരക്കിൽ കുറവുണ്ടായതോടെ ഇന്ന് മാത്രം സ്വർണത്തിന്റെ ഒരു ഗ്രാമിൽ 265 രൂപയും ഒരു പവനിൽ 2,120 രൂപയുടേയും വീതം ഇടിവാണ് നേരിട്ടിരിക്കുന്നത്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 295 രൂപ നിരക്കിൽ തുടരുന്നു.
ഇന്ന് വൈകുന്നേരം 18/14/9 കാരറ്റ് സ്വർണത്തിനും വിപണി വിലയിൽ കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ താഴ്ന്ന് പുതിയ വില 12,620 രൂപയായി. 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 140 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 9,830 രൂപയിലേക്ക് എത്തിച്ചേർന്നു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,335 രൂപയായി.
പശ്ചിമേഷ്യയിൽ യു.എസ് - ഇറാൻ യുദ്ധം നാലാം ദിനവും രൂക്ഷമായി തുടരുകയാണെങ്കിലും രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പ്രധാനമായും യു.എസ് ഡോളർ ശക്തിപ്രാപിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഒരു മാസത്തെ ഉയർന്ന നിലവാരത്തിലാണ് ഡോളറിന്റെ വിനിമയ നിരക്ക് ഇപ്പോഴുള്ളത്. ഡോളർ ശക്തിപ്രാപിക്കുന്നത്, രാജ്യാന്തര വിപണിയിൽ നിന്നും മറ്റ് കറൻസികൾ ഉപയോഗപ്പെടുത്തി സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിക്കുന്നതാണ് പ്രതികൂല ഘടകമാകുന്നത്. നിലവിൽ 2 ശതമാനം തിരിച്ചടി നേരിട്ട് ഔൺസിന് 5,200 ഡോളർ നിലവാരത്തിന് താഴെയായാണ് സ്വർണം രാജ്യാന്തര വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്.
അതുപോലെ യുദ്ധഭീഷണിക്ക് ശമനമില്ലാത്തതിനാലും ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനാലും മാർച്ച് 18ന് ചേരാനിരിക്കുന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ രണ്ട് ദിവസത്തെ യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങി. ഇതും ഡോളർ കരുത്താർജിക്കുന്നതിന് വഴിതെളിച്ചു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വർണ നിരക്കുകൾ നിശ്ചയിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കേരളത്തിലും കാണാനാകുന്നത്.
ചൊവ്വാഴ്ച വൈകുന്നേരവും സ്വർണ വിലയിൽ ഇടിവ് ഉണ്ടായതോടെ, പുതിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേലുള്ള മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ 18 ശതമാനം നിരക്കിലുള്ള ജി.എസ്.ടിയും ചേര്‍ത്ത് 1,39,567 രൂപയെങ്കിലും നൽകിയാലാണ് ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കഴിയുക. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine