സ്വർണവില മാറിമറിഞ്ഞു; ഉച്ചയ്ക്കുശേഷം പവന് ₹800 കുറഞ്ഞു; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില രാവിലെ ഉയർന്നെങ്കിലും ഉച്ചയ്ക്കുശേഷം ഇടിഞ്ഞു. പവന്റെ ഇപ്പോഴത്തെ വിപണി വില 1,17,520 രൂപയാകുന്നു
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 ഫെബ്രുവരി 23) രാവിലെ സ്വർണത്തിന്റെ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം വിലയിൽ കുറവ് വരുത്തിയതോടെ വിപണി വിലയും മാറിമറി‍ഞ്ഞു. ഒടുവിൽ 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 100 രൂപ താഴ്ന്ന് പുതിയ വിപണി വില 14,690 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 800 രൂപ താഴ്ന്ന് ഉച്ചയ്ക്കു ശേഷമുള്ള വിപണി വില 1,17,520 രൂപയായി കുറിച്ചു.

സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 80 രൂപ താഴ്ന്ന്, ഉച്ചയ്ക്ക് ശേഷമുള്ള വിപണി വില 12,070 രൂപയിലേക്ക് എത്തിച്ചേർന്നു. 18 കാരറ്റിന്റെ ഒരു പവന്റെ പുതിയ വില 96,560 രൂപയാണ്. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 60 രൂപ ഇടിഞ്ഞ് 9,400 രൂപയായി. 14 കാരറ്റിന്റെ ഒരു പവന് 75,200 രൂപയാണ് പുതുക്കിയ വില. ഉച്ചയ്ക്കു ശേഷം 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 40 രൂപ കുറഞ്ഞ് പുതിയ വിപണി വില 6,060 രൂപയായി നിശ്ചയിച്ചു.

രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിയ തിരുത്തലുണ്ടായതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് രാവിലെ രാജ്യാന്തര സ്പോട്ട് മാർക്കറ്റിൽ സ്വർണത്തിന്റെ വില ഔൺസിന് 5,198 ഡോളർ വരെ മുന്നേറിയിരുന്നു. എന്നാൽ ഇപ്പോൾ വില 5,150 ഡോളർ നിലവാരത്തിന് താഴെയെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളി വില ​ഗ്രാമിന് 300 രൂപയിൽ തുടരുന്നു.

ഒരു പവൻ ആഭരണം വാങ്ങുന്നതിന് എത്രയാകും?

22 കാരറ്റ് സ്വർണത്തിന്റെ നിരക്കുകളിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഇടിവുണ്ടായതോടെ, പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഉള്ള മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേൽ വരുന്ന 18 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 1,33,438 രൂപയെങ്കിലും നൽകിയാലാണ് ഉച്ചയ്ക്കുശേഷം ജുവൽറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈനിലുള്ള മാറ്റമനുസരിച്ച് പണിക്കൂലിയിൽ മാറ്റമുണ്ടാകാമെന്നതും ഓർക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com