
സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറ്റം തുടരുന്നു. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 8,920 രൂപയിലും പവന് 240 രൂപ ഉയര്‍ന്ന് 71,600 രൂപയുമായി. വെള്ളിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്ന ശേഷം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതും സ്റ്റീല്‍ അലൂമിനിയം ഇറക്കുമതിക്ക് തീരുവ ഇരട്ടിയാക്കുമെന്ന ട്രംപിന്റെ ഭീഷണിയുമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ഉയര്‍ത്തിയത്. കേരളത്തില്‍ വിവാഹ സീസണ്‍ കഴിഞ്ഞതോടെ സ്വര്‍ണ വിപണിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണ്. ഇതിനിടെ വിലക്കയറ്റം കൂടിയാകുന്നത് കച്ചവടത്തെയും ബാധിക്കുന്നുണ്ട്.
18 കാരറ്റ് സ്വര്‍ണ വില 25 രൂപ ഉയര്‍ന്ന് 7,340 രൂപയായി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം.
റഷ്യന്‍-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയില്‍ ഇന്ന് സമാധാന ചര്‍ച്ച ആരംഭിക്കാനിരിക്കെ യുക്രൈന്‍ സൈബീരിയയിലെ റഷ്യയുടെ ബെലായ വ്യോമതാവളം ആക്രമിച്ചു. ഇതേ സമയം യുക്രെയ്‌നിന്റെ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ റഷ്യ മിസൈല്‍ ആക്രമണവും നടത്തി. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് കരസേനയുടെ കമാന്‍ഡാന്‍ മേജര്‍ ജനറല്‍ മൈക്കലോ ട്രപ്‌റ്റേ രജിവച്ചു. ഇത് യുക്രൈന് കൂടുതല്‍ ക്ഷീണമുണ്ടാക്കുകയും ചെയ്തു. ഇസ്താന്‍ബൂളിലായിരുന്നു റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച നിശ്ചയിച്ചിരുന്നത്. 2022നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന രണ്ടാംവട്ട നേരിട്ടുള്ള സമാധാന ചര്‍ച്ചകളാണിത്.
ഇതിനിടെ യു.എസും-ചൈനയും തമ്മിലുള്ള വ്യാപാര കരാറകളെ ചൊല്ലിയും പ്രശ്‌നങ്ങളുണ്ട്. ചൈനയുമായുള്ള വ്യാപാര കരാര്‍ യു.എസ് ലംഘിച്ചുവെന്നാണ് ആരോപണം. സ്റ്റീല്‍ ഇറക്കുമതിക്ക് 50 ശതമാനം തീരവ ചുമത്തിയ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യാപാരക്കരാര്‍ ലംഘന ആരോപണങ്ങള്‍ കൂടി വന്നതോടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുകയാണ്. ഇത് സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാക്കാനോ അല്ലെങ്കില്‍ വലിയ മുന്നേറ്റത്തിനോ കളമൊരുക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഡോളര്‍ സൂചികയില്‍ ഇടിവുണ്ടായത് വിദേശ കറന്‍സികളില്‍ സ്വര്‍ണം കുറഞ്ഞ വിലയില്‍ വാങ്ങാന്‍ അവസരമൊരുക്കുന്നുണ്ട്. അതും വിലക്കയറ്റത്തിന് കാരണമാകും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ ഇന്ന് നടക്കാനിരിക്കുന്ന പ്രസംഗത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. പലിശ നിരക്കിനെ കുറിച്ചുള്ള കേന്ദ്രബാങ്കിന്റെ നിലപാട് എന്താകുമെന്ന സൂചന ഇതില്‍ നിന്നു ലഭിച്ചേക്കാം. നിരക്ക് കുറച്ചാല്‍ വീണ്ടും സ്വര്‍ണം ആകര്‍ഷകമാകുയും വില മുന്നേറ്റമുണ്ടാകുകയും ചെയ്യും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയാണ്. പക്ഷേ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 81,000 രൂപയ്ക്ക് മുകളിലാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine