

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്ന് (2026 ഫെബ്രുവരി 17) ഉച്ചയ്ക്കുശേഷം 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ഗ്രാമിന് 65 രൂപ കൂടി താഴ്ന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ പുതുക്കിയ വിപണി വില 14,135 രൂപയായി. ആനുപാതികമായി 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിൽ 520 രൂപ കുറഞ്ഞതോടെ ഉച്ചയ്ക്കു ശേഷമുള്ള വിപണി വില 1,13,080 രൂപയിലേക്ക് എത്തിച്ചേർന്നു.
സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ ഇടിഞ്ഞ് 11,615 രൂപയായി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ താഴ്ന്ന് പുതുക്കിയ വിപണി വില 9,045 രൂപയായും കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് ഉച്ചയ്ക്കു ശേഷമുള്ള വിപണി വില 5,835 രൂപയായും രേഖപ്പെടുത്തി. അതേസമയം വെള്ളിയുടെ നിരക്ക് ഗ്രാമിന് 260 രൂപ നിലവാരത്തിൽ തുടരുന്നു.
ഇന്ന് മാത്രം രണ്ട് തവണയാണ് സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 140 രൂപയും ഒരു പവനിൽ 1,120 രൂപയും വീതം ഇടിവ് നേരിട്ടാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്വർണത്തിന്റെ ഒരു ഗ്രാമിൽ 65 രൂപയും ഒരു പവനിൽ 520 രൂപയും വീതം വീണ്ടും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് മാത്രം 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 205 രൂപയും ഒരു പവനിൽ 1,640 രൂപ വീതവും ഇടിവ് നേരിട്ടു.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിൽ തിരുത്തൽ നേരിടുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഒരു ഔൺസ് സ്വർണത്തിന് 4,950 ഡോളർ നിലവാരത്തിന് താഴെയാണ് രാജ്യാന്തര വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ശതമാനത്തിലധികം നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തുന്നത്.
22 കാരറ്റ് സ്വർണത്തിന്റെ വിപണി വിലയിൽ ഇന്ന് ഉച്ചയ്ക്കുശേഷവും ഇടിവുണ്ടായതോടെ, പുതുക്കി നിശ്ചയിച്ച വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിയിന്മേലും ഈടാക്കുന്ന മൂന്ന് ശതമാനം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ ഈടാക്കുന്ന 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതിയും ചേര്‍ത്ത് 1,28,400 രൂപയെങ്കിലും ചെലവാക്കിയാലാണ് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കടയില്‍ നിന്നും ഒരു പവൻ തൂക്കമുള്ള സ്വർണാഭരണം വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈനിലെ മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine