കേരളത്തില്‍ സ്വര്‍ണ വിലക്കയറ്റത്തിന് ഇടക്കാല ആശ്വാസം, ഇന്ന് കുറഞ്ഞത് 440 രൂപ, നന്ദിപറയേണ്ടത് യു.എസിലെ തൊഴില്‍ കണക്കുകള്‍ക്ക്

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല
Gold price down
Image : Dhanam File and Canva
Published on

സംസ്ഥാനത്തെ തുടര്‍ച്ചയായ സ്വര്‍ണ വില മുന്നേറ്റത്തിന് ഇന്ന് ഇടവേള. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,050 രൂപയിലും പവന് 440 രൂപ താഴ്ന്ന് 72,400 രൂപയിലുമാണ് വ്യാപാരം.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 72,400 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 116 രൂപയിലാണ് വ്യാപാരം.

യു.എസ് തൊഴില്‍ കണക്കുകളിലെ ആശ്വാസത്തില്‍

യു.എസില്‍ നിന്നുള്ള തൊഴില്‍ വിവരക്കണക്കുകളാണ് ഇന്ന് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഇറക്കുമതി തീരുവകളെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിനിടയിലും സാമ്പത്തികരംഗം വളര്‍ച്ച നേടുന്നതായാണ് ജൂണിലെ തൊഴില്‍ കണക്കുകള്‍ കാണിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറഞ്ഞു. കാര്‍ഷികേതര തൊഴിലവസരങ്ങള്‍ 1.47 ലക്ഷമായി വര്‍ധിച്ചു.

മികച്ച തൊഴില്‍ കണക്കുകള്‍ പുറത്തു വന്നതോടെ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ മാസത്തിലും പലിശ കുറയ്ക്കാനുള്ള തീരുമാനമെടുക്കില്ല എന്ന സംശയം ബലപ്പെട്ടു. സെപ്റ്റംബറിലാകും ഇനി പലിശ നിരക്ക് കുറയ്ക്കുക. ഇതോടെ കടപ്പത്രങ്ങളിലെ നേട്ടം ഉയര്‍ന്നു. ഇതാണ് സ്വര്‍ണ വിലയിലും കുറവുണ്ടാക്കിയത്. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3,330.98 ഡോളറിലേക്ക് താഴ്ന്നിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ടാക്‌സ് ബില്‍ യു.എസ് പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ഔണ്‍സ് വില 3,339 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

വില വീണ്ടും താഴുമോ?

ട്രംപിന്റ ടാക്‌സ് ബില്‍ യു.എസിന്റെ കടം ഉയര്‍ത്തുമെന്നും വരുമാനം കുറയ്ക്കുമെന്നും ചെലവഴിക്കല്‍ താഴ്ത്തുമെന്നുമാണ് കരുതുന്നത്. ഇത് ഡോളറിനെ താഴ്ത്തും. ഈ വര്‍ഷം ഇതിനകം തന്നെ ഡോളര്‍ സമ്മര്‍ദ്ദത്തിലാണ്. ബില്‍ അംഗീകരിച്ചതിനുശേഷം ഡോളര്‍ ഇന്‍ഡെക്‌സ് 0.20 ശതമാനം ഇടിവിലാണ്.

ബോര്‍ഡര്‍ സെക്യൂരിറ്റി, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ എന്നിവയ്ക്കായി കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നതാണ് ട്രപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'. യു.എസിന്റെ കടം ഇതു വഴി നിലവിലെ 3.3 ലക്ഷം കോടി ഡോളറില്‍ നിന്ന് 36.2 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് ടാക്‌സ് കമ്മിറ്റി കണക്കാക്കുന്നത്. വരുമാനം 4.5 ലക്ഷം കോടി ഡോളറായും ചെലവഴിക്കല്‍ 1.2 ലക്ഷം കോടി ഡോളറായും ചുരുങ്ങുമെന്നും കണക്കു കൂട്ടുന്നു.

യു.എസിന്റെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ആശങ്കകള്‍ ഡോളറിനെ ദുര്‍ബലമാക്കുന്നുണ്ട്. ഇത് സ്വര്‍ണത്തിന് അനുകൂലവുമാണ്. ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാന്‍ തയാറായാല്‍ വില വീണ്ടും ഉയരാനാണ് സാധ്യത.

ഇതിനിടെ ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ അടുത്ത 48 മണിക്കൂറിനിടെ ഒപ്പുവയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമില്ല

ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്നത്തെ വിലയനുസരിച്ച് 82,000 രൂപയ്ക്ക് മുകളിലാകും.

Gold prices in Kerala dip as U.S. job data and economic policies impact global trends.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com