സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,230 രൂപയും പവന് 440 രൂപ കുറഞ്ഞ് 57,840 രൂപയുമായി. ഈ ആഴ്ച ആദ്യമായാണ് സ്വര്‍ണ വിലയില്‍ ഇടിവു രേഖപ്പെടുത്തുന്നത്. ഇന്നലെ വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും അതിനു മുന്‍പ് തുടര്‍ച്ചയായി മൂന്ന് ദിവസം വില മുന്നേറ്റത്തിലായിരുന്നു. 1,360 രൂപയോളമാണ് കൂടിയത്.
വിവാഹപര്‍ച്ചേസുകാര്‍ക്കും
മറ്റും വലിയ ആശ്വാസമാണ് ഇന്നത്തെ വിലയിടിവ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരവും ഇന്ന് ഉപയോക്താക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
18 കാരറ്റും വെള്ളിയും
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി.
മൂന്ന് ദിവസമായി ഗ്രാമിന് 101 രൂപയില്‍ തുടര്‍ന്ന വെള്ളി വിലയും ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് മൂന്ന് രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം.
അമേരിക്കൻ ഫെഡറല്‍ റിസര്‍വ് അടുത്ത മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കുമോ എന്നറിയാനുള്ള
കാത്തിരിപ്പിലായതിനാല്‍ വലിയ നീക്കത്തിന് നിക്ഷേപകര്‍ മുതിരുന്നില്ല. കഴിഞ്ഞ ദിവസം രാജ്യാന്തര സ്വര്‍ണവില അഞ്ച് ആഴ്ചയിലെ ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് വ്യാഴാഴ്ച വലിയ ലാഭമെടുപ്പുണ്ടാകുകയും തുടര്‍ന്ന് വില ഒരു ശതമാനത്തിലധികം ഇടിയുകയും ചെയ്തു.
സ്വര്‍ണ വില കൂടുമോ?
ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സ്വര്‍ണത്തിന്റെ ചലനം. അമേരിക്കയുടെയും മറ്റ് ലോകരാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളുടെ നീക്കം സ്വര്‍ണത്തെ ബാധിക്കും.
ഭക്ഷ്യവില കുതിച്ചുയരുന്നതിനിടയില്‍ യുഎസ് ഉല്‍പാദക വില സൂചിക നവംബറില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്നു. ബുധനാഴ്ച പുറത്തു വന്ന വിവരങ്ങള്‍ അനുസരിച്ച് ഉപയോക്തൃ വിലകള്‍ കഴിഞ്ഞ ഏഴ് മാസത്തെ
ഉയര്‍ന്ന നിലയിലാണ് നവംബറില്‍. ഇത് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കും. പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന് അനുകൂലമാണ്.
യൂറോപ്യന്‍ കേന്ദ്രബാങ്ക് ഈ വര്‍ഷം തുടര്‍ച്ചയായി നാലാം തവണയും പലിശ നിരക്ക് കുറച്ചിട്ടുണ്ട്. സ്വിസ് നാഷണല്‍ ബാങ്ക് പലിശ നിരക്ക് 50 ശതമാനം കുറച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ കുറയ്ക്കലാണിത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാക്കും.
ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,840 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി. 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 62,607 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.