നേരം വെളുത്തപ്പോള്‍ തിരിച്ചിറക്കം, സ്വര്‍ണത്തിനിത് എന്തുപറ്റി? ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവില 3 ശതമാനത്തിലധികം വര്‍ധിച്ചു.
നേരം വെളുത്തപ്പോള്‍ തിരിച്ചിറക്കം, സ്വര്‍ണത്തിനിത് എന്തുപറ്റി? ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് രാവിലെ ഇടിവ്. ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 13,910 രൂപയും പവന് 1040 രൂപ താഴ്ന്ന് 1,11,280 രൂപയുമായി. ആഗോളതലത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്നലെ രാവിലെയും വൈകിട്ടുമായി നാലു തവണയാണ് കേരളത്തില്‍ സ്വര്‍ണ വില മാറിയത്. രാവിലെ കുത്തനെ ഇടിയുകയും പിന്നീട് തിരിച്ചുകയറുകയുമായിരുന്നു.

രാജ്യാന്തര സ്വര്‍ണ വില ഇന്നലെ രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയതാണ് കേരളത്തില്‍ ഇന്ന് രാവിലെ വിലയില്‍ കുറവുണ്ടാക്കിയത്.

18 കാരറ്റും വെള്ളിയും

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,430 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് ഗ്രാമിന് 8,900 രൂപ, ഒമ്പത് കാരറ്റിന് ഗ്രാമിന് 5,740 രൂപ എന്നിങ്ങനെയാണ് വില.

വെള്ളി വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 280 രൂപയിലെത്തി.

എന്നാല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഭാഗികമായ അടച്ചുപൂട്ടല്‍ (Partial Government Shutdown) കാരണം ഈ ആഴ്ച പ്രധാന സാമ്പത്തിക വിവരങ്ങളൊന്നും പുറത്തുവരാത്ത സാഹചര്യത്തില്‍, നിക്ഷേപകര്‍ ജാഗ്രത പാലിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണവില 3 ശതമാനത്തിലധികം വര്‍ധിച്ചു. മുന്‍പത്തെ സെഷനില്‍ രേഖപ്പെടുത്തിയ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നാണ് ഈ ശക്തമായ തിരിച്ചുവരവ്.

എം.സി.എക്‌സ് സ്‌പോട്ട് ഗോള്‍ഡ് വില 3.7% ഉയര്‍ന്ന് ഔണ്‍സിന് 4,837.16 എന്ന നിരക്കിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 4.5% വര്‍ധിച്ച് 4,859.30 ആയി.

വെള്ളിവില 5.9% കുതിച്ചുയര്‍ന്ന് ഔണ്‍സിന് 84.09 എന്ന നിലവാരത്തിലെത്തി.

കഴിഞ്ഞ വ്യാഴാഴ്ച സ്വര്‍ണവില റെക്കോര്‍ഡ് ഉയരമായ 5,594.82 ഡോളറിലും, വെള്ളി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 121.64 ഡേളറിലും എത്തിയിരുന്നു. ആഗോള തലത്തില്‍ ആശങ്കകള്‍ തുടരുന്നത് ഇനിയും വില ഉയര്‍ത്തിയേക്കുമെന്ന് തന്നെയാണ് നിരീക്ഷണങ്ങള്‍.

ഒരു പവന്‍ ആഭരണത്തിന് വില

സ്വര്‍ണ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,26356 രൂപയെങ്കിലും നല്‍കിയാലാണ് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനാകുക. ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com