

സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്ന് (2026 മാർച്ച് 20) രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണ വിലയിൽ വർധന രേഖപ്പെടുത്തിയെങ്കിലും വൈകിട്ട് നിരക്കുകളിൽ വൻ ഇടിവ് നേരിട്ടു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ കുറഞ്ഞ് പുതിയ വിപണി വില 13,655 രൂപയിലേക്ക് താഴ്ന്നിറങ്ങി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ പവന് 1,440 രൂപ ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് എത്തിച്ചേർന്നു. മാർച്ച് മാസത്തിൽ സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലനിലവാരമാണിത്.
സമാനമായി വൈകിട്ട് 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ താഴ്ന്ന് വിപണി വില 11,275 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാമിന് 255 രൂപ നിലവാരത്തിൽ വെള്ളി വില തുടരുന്നു. ഓൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) കീഴിലുള്ള ജൂവൽറികളിലാണ് ഈ നിരക്ക് ബാധകമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടമാണ് നേരിടുന്നത്. ഇന്നലെ (മാർച്ച് 19) മൂന്ന് തവണയാണ് സ്വർണ വില ഇടിഞ്ഞത്. ഇന്ന് രാവിലെ സ്വർണത്തിന്റെ നിരക്ക് വർധിച്ചു. തുടർന്ന് വൈകിട്ട് വിലയിൽ വീണ്ടും മാറ്റം രേഖപ്പെടുത്തി. അതേസമയം സ്വർണത്തിന്റെ നിരക്കുകൾ മാർച്ച് മാസത്തിലെ താഴ്ന്ന നിലയിലേക്ക് എത്തിച്ചേർന്നു. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് കുറിച്ച കൂടിയ വില. അവിടെ നിന്നും പവന്റെ വിലയിൽ 17,680 രൂപ കുറഞ്ഞു. ഒരു ഗ്രാമിൽ 2,210 രൂപയുടെ ഇടിവും നേരിട്ടു.
വെള്ളിയാഴ്ച വൈകിട്ട് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് 1,12,570 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine