കുതിപ്പിന് അവസാനമായോ? സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്; ഒരു പവന് 5,240 രൂപ കുറഞ്ഞു

22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ 5,240 രൂപ ഇടിഞ്ഞ് പുതുക്കിയ വിപണി വില 1,25,120 രൂപയിലേക്ക് എത്തിച്ചേർന്നു.
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

സംസ്ഥാനത്തെ ആഭരണ വിപണിയിൽ ഇന്ന് (2026 ജനുവരി 30) രാവിലെ സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (22K) പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 655 രൂപ കുറഞ്ഞ് പുതിയ വിപണി വില 15,640 രൂപയായി താഴ്ന്നു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവനിൽ (8 ​ഗ്രാം) 5,240 രൂപ ഇടിഞ്ഞ് പുതുക്കിയ വിപണി വില 1,25,120 രൂപയിലേക്കും എത്തിച്ചേർന്നു.

സമാനമായി 18 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 535 രൂപ താഴ്ന്ന് 12,845 രൂപയായും ഇതിന്റെ ഒരു പവന് 4,280 രൂപ കുറഞ്ഞ് 1,02,760 രൂപയായും നിലവിലെ വിപണി വില രേഖപ്പെടുത്തി. അതുപോലെ 14 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 415 രൂപ കുറഞ്ഞ് 10,005 രൂപയായും ഇതിന്റെ ഒരു പവന് 3,320 രൂപ താഴ്ന്ന് 80,040 രൂപയായും പുതിയ വിപണി വില കുറിച്ചു. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 265 രൂപ കുറഞ്ഞ് 6,450 രൂപയായും ഇതിന്റെ ഒരു പവന് 2,120 രൂപ താഴ്ന്ന് 51,600 രൂപയായും ഇന്നത്തെ വിപണി വില നിശ്ചയിച്ചു.

എന്തുകൊണ്ട് വില ഇടിഞ്ഞു?

രാജ്യാന്തര സ്വർണ വിപണിയിലെ നിരക്കുകൾക്ക് അനുസൃതമായാണ് ആഭ്യന്തര വിപണിയിലെ വിലനിലവാരവും നിശ്ചയിക്കപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിൽ അഞ്ച് ശതമാനത്തിലേറെ ഇടിവ് കുറിച്ചു. ഒരു ഔൺസ് സ്വർണം സർവകാല റെക്കോഡ് നിലവാരമായ 5,585 ഡോളർ വരെ മുന്നേറിയ ശേഷം നിലവിൽ 5,220 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ വിലയിൽ വൻ മുന്നേറ്റമുണ്ടായതോടെ ട്രേഡർമാർ ലാഭമെടുപ്പിന് തുനി‍ഞ്ഞതാണ് വിലയിടിവിനുള്ള മുഖ്യ കാരണം. ഈ ജനുവരിയിൽ 24 ശതമാനത്തിലേറെ വർധനയാണ് സ്വർണത്തിൽ രേഖപ്പെടുത്തിയത്. 1980-നു ശേഷം ഒരു മാസക്കാലയളവിൽ സ്വർണ വിലയിൽ നേരിടുന്ന വമ്പൻ വർധനയാണിത്.

വെള്ളി നിരക്ക്

സ്വർണത്തിന്റെ ചുവടുപിടിച്ച് സംസ്ഥാന വിപണിയിൽ വെള്ളി നിരക്കിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ​ഗ്രാം വെള്ളിയിൽ 15 രൂപ കുറഞ്ഞ് 395 രൂപയിലേക്ക് വിപണി വില എത്തിച്ചേർന്നു. ആനുപാതികമായി 100 ​ഗ്രാം വെള്ളിയുടെ വില 3,950 രൂപയായും നിശ്ചയിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഒരു ​ഗ്രാം വെള്ളിയുടെ വില 410 രൂപയിലാണ് കുറിച്ചിരുന്നത്.

സ്വർണാഭരണം വാങ്ങാൻ എത്രയാകും?

22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,25,120 രൂപയായി താഴ്ന്നതോടെ ചുരുങ്ങിയത് അഞ്ച് ശതമാനം നിരക്കിൽ പണിക്കൂലി, സ്വര്‍ണ വിലയിലും പണിക്കൂലിയിലും ഈടാക്കുന്ന മൂന്ന് ശതമാനം വീതം ജിഎസ്ടി നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇനത്തിലുള്ള 45 രൂപ, ഇതിന്മേലുള്ള 18 ശതമാനം ജിഎസ്ടി നികുതി എന്നിവയെല്ലാം ചേര്‍ത്ത് 1,35,496 രൂപയെങ്കിലും നൽകിയാലാണ് ഒരു പവൻ സ്വർണാഭരണം വെള്ളിയാഴ്ച കടയില്‍ നിന്നും വാങ്ങാനാകുക. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടെന്നതും ശ്രദ്ധിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com