

സംസ്ഥാനത്ത് റെക്കോഡ് കുതിപ്പിനു ശേഷം സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 8,220 രൂപയും പവന്‍ വില 80 രൂപ താഴ്ന്ന് 65,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 6,765 രൂപയായി.
വെള്ളി വില ഇന്ന് ഗ്രാമിന് മാറ്റമില്ലാതെ 110 രൂപയില്‍ തുടരുന്നു.
ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ വില ആദ്യമായി ഔണ്‍സിന് 3,000 ഡോളര്‍ കടന്നെങ്കിലും പിന്നീട് 2,984 ഡോളറിലേക്ക് താഴ്ന്നു. അതാണ് നേരിയ ഇടിവിന് കാരണമായത്.
കഴിഞ്ഞ 15 മാസത്തിനുള്ളില്‍ പവന്‍ വില 18,920 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതായത് 40 ശതമാനത്തില്‍ അധികം വര്‍ധന.
2024 ജനുവരി ഒന്നിന് 46,840 രൂപയായിരുന്നു പവന്‍ വില. ഇന്ന് അത് 65,760 രൂപ. ഇക്കാലയളവില്‍ ഗ്രാമിന് 5,855 രൂപയില്‍ നിന്ന് 8,220 രൂപയുമായി. ഒരു ഗ്രാം സ്വര്‍ണ്ണ വിലയില്‍ 2,365 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
അന്താരാഷ്ട്ര സ്വര്‍ണ വില ഇക്കാലയളവില്‍ 2,050 ഡോളറില്‍ നിന്നും 3002 ഡോളറിലേക്ക് കുതിച്ചു. 950 ഡോളറില്‍ അധികം വര്‍ധനയാണ് അന്താരാഷ്ട്ര വിലയിലുണ്ടായത്. 2024 ജനുവരി ഒന്നു മുതല്‍ 2025 മാര്‍ച്ച് 14 വരെ ഉള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ വലിയതോതില്‍ വില വര്‍ധനവിന് കാരണമായി.
ജനുവരി ഒന്നിന് രൂപയുടെ വിനിമയ നിരക്ക് 83.22 ആയിരുന്നു ഇപ്പോള്‍ അത് 86.92ലെത്തി. 3 രൂപ 70 പൈസയുടെ വ്യത്യാസമാണ് വന്നിട്ടുള്ളത്. ഒരുവേള 87.50 നു മുകളില്‍ വരെ രൂപ എത്തിയിരുന്നു.
2024 ജനുവരി ഒന്നിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 50,800 രൂപ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 71350 രൂപ നല്‍കേണ്ടിവരും. സ്വര്‍ണത്തില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിലവര്‍ധന വലിയ കൂടുതല്‍ ലാഭം ലഭിക്കാന്‍ അവസരമൊരുക്കിയപ്പോള്‍ ഇക്കാലയളവില്‍ സ്വര്‍ണ വാങ്ങേണ്ടി വന്നവര്‍ക്ക് വന്‍ ബാധ്യതയുമുണ്ടാക്കി.
ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നീക്കങ്ങളുമാണ് സ്വര്‍ണത്തിന്റെ സമീപകാല ഗതി നിര്‍ണയിക്കുന്നത്. കൂടുതല്‍ വ്യാപാര യുദ്ധത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യ സൂചനകള്‍ കണ്ടു തുടങ്ങിയതും സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി ഉയര്‍ത്തുന്നുണ്ട്. ഇത് സ്വര്‍ണത്തിന്റെ വില കൂട്ടാനിടയാക്കും. കൂടാതെ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഒന്നിലധികം തവണ പലിശ നിരക്ക് കുറയ്ക്കുമെന്നതും സ്വര്‍ണത്തിന് അനുകൂലമാണ്. വിവിധ കേന്ദ്ര ബാങ്കുകള്‍, പ്രത്യേകിച്ചും ചൈനയുടെ പീപ്പിള്‍സ് ബാങ്ക് സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ്. തുടര്‍ച്ചയായ നാലാം മാസമാണ് ചൈന സ്വര്‍ണ ശേഖരം ഉയര്‍ത്തുന്നത്.
ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. യു.എസിലെ ചില വമ്പന്‍ ബാങ്കുകള്‍ ഗോൾഡ് ബാറുകൾ ലണ്ടനിൽ നിന്ന് വാണിജ്യ വിമാനങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് എത്തിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണെന്ന് കരുതുന്നു.
നിരീക്ഷകരുടെ പ്രതീക്ഷകളെയും മറികടന്നാണ് സ്വര്‍ണം മുന്നേറുന്നത്. 3,000 ഡോളര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലെത്തിയതിനാല്‍ അനലിസ്റ്റുകള്‍ 2025ലെ സ്വര്‍ണ വില അനുമാനം ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാം പാദത്തോടെ 3,500 ഡോളര്‍ എത്തുമെന്നാണ് പുതിയ പ്രവചനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine