സ്വര്‍ണത്തില്‍ ലാഭമെടുപ്പ് ശക്തം, കേരളത്തില്‍ നാല് ദിവസംകൊണ്ട് 1,400 രൂപയുടെ കുറവ്, ഇന്ന് വാങ്ങണോ?

വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 123 രൂപയിലെത്തി
gold ornament
Published on

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഓഗസ്റ്റ് എട്ടിന് പവന് 75,760 രൂപയിലെത്തി റെക്കോഡിട്ട ശേഷം തുടര്‍ച്ചയായ ഇടിവിലാണ് സ്വര്‍ണം. നാല് ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,400 രൂപയുടെ കുറവ് രേഖപ്പെടുത്തി.

18 കാരറ്റ് സ്വര്‍ണ വിലയും താഴേക്കാണ്. ഇന്ന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 7,630 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 5,940 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 3,820 രൂപയുമാണ് വില. വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 123 രൂപയിലെത്തി.

യു.എസിലെയും ഇന്ത്യയിലെയും ചില്ലറ പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ ലാഭമെടുപ്പ് ശക്തമായതാണ് സ്വര്‍ണ വിലയിടിവിന് കാരണം. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 1.25 ശതമാനം ഇടിഞ്ഞ് 3,349 ഡോളറിലെത്തിയിരുന്നു. ഇന്ന് 3,350 ഡോളറിലാണ് വ്യാപാരം.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്ന പ്രതീക്ഷകളും സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഇന്ത്യയും യു.എസും ഇന്ന് ചില്ലറ പണപ്പെരുപ്പക്കണക്കുകള്‍ പുറത്തുവിടും. ജൂണില്‍ രാജ്യത്തെ റീറ്റെയല്‍ പണപ്പെരുപ്പം ജൂണിലെ 2.10 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്.

യു.എസില്‍ പണപ്പെരുപ്പം ഉയരാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്. ഇത് അടുത്ത മാസം നടക്കുന്ന പണനയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്ക് കുറയ്ക്കാനിടയാക്കുമെന്നാണ് കരുതുന്നത്. ഇത് സ്വര്‍ണത്തിന് അനുകൂലമായേക്കും.

ചൈനയ്ക്ക് 90 ദിവസത്തേക്ക് കൂടി ഉയര്‍ന്ന താരിഫില്‍ ഇളവ് നല്‍കിയത് വ്യാപാര യുദ്ധഭീതിയില്‍ കുറവു വരുത്തിയതും സ്വര്‍ണ വിലയില്‍ ഇടിവിന് കാരണമായി.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍

റെക്കോഡ് വിലയില്‍ നിന്ന് സ്വര്‍ണം വലിയ രീതിയില്‍ താഴ്ന്നത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ ആഭരണം സ്വന്തമാക്കാന്‍ പണിക്കൂലിയും മറ്റ്‌ നികുതികളും ചേര്‍ത്ത് ഏറ്റവും കുറഞ്ഞത് 80,473 രൂപ നല്‍കണം. വില വില കുറിഞ്ഞിരിക്കുന്നത് അത്യാവശ്യക്കാര്‍ക്ക് മുന്‍കൂര്‍ ബുക്കിംഗിനും അവസരം നല്‍കുന്നുണ്ട്.'

Gold prices in Kerala drop by ₹1,400 in four days amid global market decline, offering relief to jewellery buyers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com