
കേരളത്തില്‍ സ്വര്‍ണവില ഇന്ന് ഗ്രാമിന് 40രൂപ കൂടി 8,250 രൂപയും പവന് 320 രൂപ കൂടി 66,000 രൂപയുമായി. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച കുറിച്ച 65,840 രൂപയെന്ന റെക്കോഡ് മറികടന്നു.
കനം കുറഞ്ഞതും കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,780 രൂപയായി ഉയര്‍ന്നു.
24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്. വെള്ളി വില ഇന്ന് ഒരു രൂപ വര്‍ധിച്ച് 111 രൂപയായി. വെള്ളി വിലയും റെക്കോഡിലാണ്.
അന്താരാഷ്ട്ര സ്വര്‍ണ വില ആദ്യമായി 3013 ഡോളര്‍ കടന്നതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് ഇടയാക്കിയത്. രൂപയുടെ വിനിമയ നിരക്ക് 86.77 ആയി.വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസയ്ക്ക് മേല്‍ ആക്രമണം നടത്തിയതാണ് അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ത്തിയത്.
പുതിയ സംഭവവികാസങ്ങളോടെ സ്വര്‍ണ്ണവില കുറയാനുള്ള സാധ്യതകള്‍ മങ്ങി. മാത്രമല്ല വില വീണ്ടും ഉയരാനുള്ള സാധ്യതകള്‍ ഏറുകയാണെന്ന സൂചനകളാണ് വിപണി നല്‍കുന്നത്. യുദ്ധങ്ങളും മറ്റ് സാമ്പത്തിക അനിശ്ചിതത്വങ്ങളും സ്വര്‍ണത്തെ ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട വ്യാപാര യുദ്ധ ഭീഷണിയും ആശങ്കയായി നില്‍ക്കുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,000 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 71,500 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine