

ആഗോള വിലയിലുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് ഗ്രാമിന് ഒറ്റയിടിക്ക് 365 രൂപയും പവന് 2,920 രൂപയും കൂടി. ഇതോടെ ഗ്രാം വില 14,100 രൂപയും പവന്‍ വില 1,12,800 രൂപയുമായി.
ചെറുകാരറ്റുകള്‍ക്കും സമാനമായ വിലവര്‍ധനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 11,585 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,025 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,820 രൂപയുമാണ് ഇന്ന് വില. കഴിഞ്ഞ അഞ്ച് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വെള്ളി വിലയും ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 260 രൂപയായി.
രാജ്യാന്തര തലത്തില്‍ രണ്ട് ശതമാനത്തിലധികം വര്‍ധിച്ച് ഔണ്‍സിന് 4,803 ഡോളറിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുനേരെയുള്ള ബോംബാക്രമണങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്നാണ് സ്വര്‍ണവില കഴിഞ്ഞ മൂന്നാഴ്ചത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത്. വാഷിംഗ്ടണ്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കാവുന്ന പത്തിന നിര്‍ദ്ദേശം ഇറാനില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും തുറന്നുകൊടുക്കണമെന്നും അല്ലാത്തപക്ഷം യുഎസ് തിരിച്ചടിക്കുമെന്നുമുള്ള മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനാണ് നയതന്ത്ര ചര്‍ച്ചകള്‍ക്കായി രണ്ടാഴ്ചത്തെ സമയം നീട്ടിനല്‍കാന്‍ അഭ്യര്‍ത്ഥിച്ചത്. പാകിസ്ഥാന്‍ വഴി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഏപ്രില്‍ 10-ന് ഇസ്ലാമാബാദില്‍ വെച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ഇറാന്റെ സുപ്രീം സെക്യൂരിറ്റി കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ ഇത് യുദ്ധം അവസാനിച്ചു എന്നതിന്റെ സൂചനയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്ക-ഇറാന്‍ യുദ്ധം ലഘൂകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞതോടെയാണ്, ഇന്ന് സ്വര്‍ണത്തിന് ശക്തമായ ഡിമാന്‍ഡ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് എംസിഎക്‌സില്‍ (MCX) സ്വര്‍ണവില ഉയര്‍ന്നു. 10 ഗ്രാമിന് 1,53,550 രൂപ ന്ന നിലയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ 1,53,944 രൂപ വരെ ഉയര്‍ന്നു. രാവിലത്തെ സെഷനില്‍ മാത്രം ഏകദേശം 2.50% നേട്ടമാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
ഡബ്ല്യുടിഐ (WTI) ക്രൂഡ് ഓയില്‍ വില ഇന്ന് ഏകദേശം 15% ഇടിഞ്ഞ് 100 ഡോളറിന് താഴെയെത്തി. ഇത് ഫോറെക്‌സ് വിപണിയില്‍ ലാഭമെടുപ്പിന് (Profit-booking) കാരണമാവുകയും, ആളുകള്‍യുഎസ് ഡോളര്‍ നിക്ഷേപങ്ങള്‍ വിറ്റഴിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ ഡോളര്‍ ഇന്‍ഡക്‌സ് 99-ന് താഴേക്ക് പോയതാണ് സ്വര്‍ണത്തിന് അനുകൂലമായത്.
എണ്ണ വിലയിലുണ്ടാകുന്ന വര്‍ധന പണപ്പെരുപ്പത്തിന് ആക്കം കൂട്ടുകയും പലിശ നിരക്കുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ കേന്ദ്ര ബാങ്കുകള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്‌തേക്കാം. സാധാരണയായി പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു പ്രതിരോധമായും അനിശ്ചിതത്വ കാലത്തെ സുരക്ഷിത നിക്ഷേപമായും സ്വര്‍ണത്തെ കണക്കാക്കാറുണ്ടെങ്കിലും, ഉയര്‍ന്ന പലിശ നിരക്കുള്ള സാഹചര്യത്തില്‍ സ്വര്‍ണത്തോടുള്ള താല്‍പ്പര്യം കുറയാറുണ്ട്; കാരണം സ്വര്‍ണ നിക്ഷേപത്തില്‍ നിന്ന് മറ്റ് പലിശ വരുമാനങ്ങളൊന്നും ലഭിക്കുന്നില്ല എന്നത് തന്നെ.
ഈ വര്‍ഷം മികച്ച തുടക്കം ലഭിച്ച സ്വര്‍ണത്തിന്, ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം 8 ശതമാനത്തിലധികം ഇടിവ് സംഭവിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തിലെ ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവരുന്നതിനായി വിപണി ഇപ്പോള്‍ കാത്തിരിക്കുകയാണ്.
ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ഡാളസിന്റെ ഗവേഷണമനുസരിച്ച്, ആഗോള എണ്ണ വ്യാപാരത്തിലുണ്ടാകുന്ന ദീര്‍ഘകാല തടസങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ യുഎസിലെ പണപ്പെരുപ്പം 4 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്; ഹ്രസ്വകാലയളവില്‍ ഇതിലും വലിയ വര്‍ധനവിനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങനെ വന്നാല്‍ ഇത് സ്വര്‍ണ വിലയിലും പ്രതിഫലിക്കും.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,16,237 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും
Gold and silver prices surge in Kerala following global market shifts influenced by Trump’s ceasefire move and weakening dollar.
Read DhanamOnline in English
Subscribe to Dhanam Magazine