

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. പവന്‍ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയുമായി. ഇന്നലെ രണ്ടു തവണയായി പവന് 3,960 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഇതോടെ ഈ ഒരാഴ്ച നാല് ദിവസം പിന്നിടുമ്പോള്‍ 6,280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ചെറുകാരറ്റുകളുടെ വിലയിലും സമാനമായ വിലക്കുറവുവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,545 രൂപയും ഒമ്പത് കാരറ്റിന് 5,510 രൂപയിലുമാണ് വ്യാപാരം. അതേസമയം, വെള്ളി വില ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 260 രൂപയിലെത്തി.
ഇറാനെതിരെ അമേരിക്ക നടത്തിയ പുതിയ ആക്രമണങ്ങളെത്തുടര്‍ന്നും, സമാധാന കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നും രാജ്യാന്തര സ്വര്‍ണവില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് എത്തി. ഇന്ന് സ്‌പോട്ട് ഗോള്‍ഡ് (Spot gold) വില ഔണ്‍സിന് 4,0636 ഡോളര്‍ എന്ന നിരക്കിലെത്തി. നിലവില്‍ 4,059 ഡോളറിലാണ് വ്യാപാരം.
വീണ്ടും ആരംഭിച്ച ഈ സംഘര്‍ഷങ്ങള്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നതിനും പണപ്പെരുപ്പ ആശങ്കകള്‍ ഉയരുന്നതിനും കാരണമായതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. അതോടൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നആശങ്കകളും സ്വര്‍ണത്തെ ബാധിച്ചു. ഇന്നലെ യു.എസിലെ പണപ്പെരുപ്പക്കണക്കുകള്‍ പുറത്തുവന്നിരുന്നു.
മേയിലെ ചില്ലറ വിലക്കയറ്റം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.2 ശതമാനത്തില്‍ എത്തി. അതേസമയം, പലിശ നിരക്കുകള്‍ കുറയ്ക്കില്ലെന്ന നിഗമനങ്ങളും വരുന്നുണ്ട്. അടുത്തയാഴ്ചത്തെ ഫെഡ് യോഗത്തിലേക്കാണ് ഇപ്പോള്‍ നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്.
ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന പലിശയും വരും നാളുകളില്‍ സ്വര്‍ണവിലയെ ഇടിവിലേക്ക് നയിക്കുമെന്നാണ് എസ് ആന്‍ പി ഉള്‍പ്പെടെയുള്ളവയുടെ വിലയിരുത്തല്‍. അടുത്ത മാസത്തോടെ രാജ്യാന്തര സ്വര്‍ണ വില 3,500 ഡോളറില്‍ താഴെയെത്തിയേക്കുമെന്നും എസ്ആന്‍പി സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ കേരളത്തില്‍ സ്വര്‍ണ വില ഒരു ലക്ഷത്തിന് താഴെയെത്തിയേക്കും
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,15,664 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Gold prices in Kerala witness a massive drop of Rs 6,280 per sovereign in just four days, triggered by global inflation concerns and a strengthening US dollar.
Read DhanamOnline in English
Subscribe to Dhanam Magazine