അക്ഷയതൃതീയയ്ക്ക് മുമ്പേ ഹോര്‍മൂസ് ഉണര്‍വില്‍ സ്വര്‍ണം, ഇന്നത്തെ നിരക്കുകള്‍ അറിഞ്ഞു വെച്ചോളൂ

വെള്ളി വിലയും കുതിപ്പിലാണ്, ഒറ്റയടിക്ക് ഗ്രാമിന് 10 രൂപ കൂടി
അക്ഷയതൃതീയയ്ക്ക് മുമ്പേ ഹോര്‍മൂസ് ഉണര്‍വില്‍ സ്വര്‍ണം, ഇന്നത്തെ നിരക്കുകള്‍ അറിഞ്ഞു വെച്ചോളൂ
Published on

സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യ ആസ്തികള്‍ വാങ്ങാന്‍ വിശേഷദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാം വില 75 രൂപയും പവന്‍ വില 600 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 14,280 രൂപയും പവന് 1,14,240 രൂപയുമായി.

18 കാരറ്റിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,735 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,135 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,890 രൂപയുമായി.

വെള്ളി വിലയും കുതിപ്പിലാണ്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 275 രൂപയിലെത്തി.

ഹോര്‍മൂസ് ഉണര്‍വ്‌

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മേഖലയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നത് വിപണിയിലെ നിക്ഷേപക താല്‍പ്പര്യങ്ങളെ സ്വാധീനിച്ചതാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്. 10 ഗ്രാമിന് 1,53,301 രൂപയിലാണ് എം.സി.എക്‌സില്‍ സ്വര്‍ണ വ്യാപാരം.

കമ്മോഡിറ്റി വിപണികളിലെല്ലാം ഇത് പ്രതിഫലിച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണവിലയില്‍ 11 ശതമാനത്തിലധികം ഇടിവുണ്ടായതോടെ സ്വര്‍ണം ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപകര്‍ ശ്രദ്ധമാറ്റുകയാണ്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് (Spot Gold) വിലയില്‍ മുന്നേറ്റം തുടര്‍ന്നു. ഒരു ശതമാനത്തിലധികം വര്‍ധിച്ച് ഔണ്‍സിന് 4,850 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. ഇസ്രായേലും ലെബനനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വിതരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് താല്‍ക്കാലികമായി അയവ് വരുത്തിയിട്ടുണ്ട്.

ഇനി നീക്കം എങ്ങനെ?

വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ക്കിടയിലും, മധ്യകാല-ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യതകളാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഭൗമരാഷ്ട്രീയ വെല്ലുവിളികള്‍, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, ഈ വര്‍ഷം അവസാനം ഉണ്ടായേക്കാവുന്ന പലിശ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയ ഘടകങ്ങളാകും സ്വര്‍ണവിലയെസമീപ ഭാവിയില്‍ സ്വാധീനിക്കുക. അതേസമയം, പണപ്പെരുപ്പം, ഡോളര്‍ കരുത്താര്‍ജിക്കുന്നത്, സ്വര്‍ണത്തോടുള്ള താല്‍പര്യക്കുറവ് എന്നിവ ഹ്രസ്വകാലാടിസ്ഥാനത്തില്‍ തിരിച്ചടിയായേക്കാം. ദീര്‍ഘകാല നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്ക് വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങുന്ന രീതി (Buy on dips) പിന്തുടരാമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്.

ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,240 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,17,720 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com