സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് അടിച്ചു കയറി. ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് ഇല്ലാതായി. ഈ മാസത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് 2,680 രൂപ വരെ കുറഞ്ഞതാണ്. എന്നാല്‍ ഇന്നും ഇന്നലെയുമായി ആ വിലക്കുറവ് തിരിച്ചുപിടിച്ചു. ഏപ്രില്‍ മൂന്നിന് കുറിച്ച റെക്കോഡ് വിലയ്‌ക്കൊപ്പമാണ് ഇന്ന് സ്വര്‍ണം. അന്താരാഷ്ട്രതലത്തിലും ആഭ്യന്തര തലത്തിലുമുണ്ടായ ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്നവിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചു കയറി. ഗ്രാമിന് 255 രൂപ ഉയര്‍ന്ന് 7,050 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 105 രൂപയിലെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരചുങ്ക നടപടികളാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 104 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയതിനെ തിരിച്ചടിച്ച് ചൈന ഇന്നലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം ചുങ്കം പ്രഖ്യാപിച്ചു.
അതേസമയം മറ്റ് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കം ഇന്ന് 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ചൈനയ്ക്ക് ഇളവ് നല്‍കാന്‍ തയാറായില്ലെന്നു മാത്രമല്ല 125 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ മൂന്നാം തവണയാണ് ചൈനയ്ക്കുമേല്‍ യു.എസ് പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നത്.
മറുചുങ്കപ്പോര് നടത്തി ആഗോള വ്യാപാരമേഖലയെ അരക്ഷിതമാക്കുകയാണ് ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികള്‍. 104 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് മറുപടിയായി, ചൈനീസ് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളോട് യു.എസ് ഡോളര്‍ വാങ്ങുന്നത് വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ ഒരു ലക്ഷം കോടി ഡോളര്‍ കരുതല്‍ ശേഖരം വില്‍ക്കാന്‍ തുടങ്ങിയാല്‍ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് പ്രവചനങ്ങള്‍.
കൂടാതെ മൂന്ന മാസത്തേക്ക് 10 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ പെരുമ ഉയര്‍ത്തുകയാണ്. ഇന്നലെ രാവിലെ വില നിശ്ചയിക്കുമ്പോള്‍ 3007 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര വില.11 മണിയോടെ 2 ,978 ഡോളറിലേക്ക് താഴ്ന്ന അന്താരാഷ്ട്ര സ്വര്‍ണ വില പിന്നീട് മുകളിലോട്ട് ഉയരുകയാണ് ഉണ്ടായത്.
വൈകിട്ട് യുഎസ് വിപണി ഓപ്പണ്‍ ചെയ്തപ്പോള്‍ 3,084 ഡോളറിലേക്ക് കുതിച്ചുകയറി. അന്താരാഷ്ട്ര വില ഒരു ദിവസം 100 ഡോളര്‍ സമീപഭാവിയില്‍ കൂടുന്നത് ആദ്യമാണ്. നിലവില്‍ 1.15 ശതമാനം ഉയര്‍ന്ന് വില 3,125 ഡോളറിലെത്തി. ഏപ്രില്‍ മൂന്നിന് കുറിച്ച് 3,168 ഡോളറാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില.
അന്താരാഷ്ട്ര വിലയുടെ ചുവടുപറ്റിയാണ് കേരളത്തിലും വില കുതിച്ചത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ സ്വര്‍ണ്ണവില വീണ്ടും കുതിക്കും എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്. ഔണ്‍സ് വില 3,200 ഡോളര്‍ കടന്നു മുന്നേറിയേക്കുമെന്നുള്ള പ്രവചനങ്ങള്‍ വരുന്നുണ്ട്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ വില 70,000 കടക്കും. അന്താരാഷ്ട്ര വിലയും രൂപയുടെ വിനിമയനിരക്കും അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്.
സ്വര്‍ണവില വലിയതോതില്‍ കുറയുമെന്ന പ്രതീക്ഷയില്‍ അഡ്വാന്‍സ് ബുക്കിംഗ് എടുത്ത സ്വര്‍ണ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് ഇന്നത്തെ വില വര്‍ധനയോടെ ഉണ്ടായിരിക്കുന്നതെന്ന് ഓള്‍കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയ ഉപയോക്താക്കള്‍ക്ക് വലിയ നേട്ടവുമായി.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയാണ്. എന്നാല്‍ മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 74,114 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine