പശ്ചിമേഷ്യന്‍ യുദ്ധത്തിന് വിരാമമാകുമെന്ന പ്രതീക്ഷ രാജ്യാന്തര സ്വര്‍ണ വിലയെ വീണ്ടും ഉയര്‍ത്തി. ഇതോടെ കേരളത്തിലും ഈ മാസം ഇതാദ്യമായി സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 135 രൂപ വര്‍ധിച്ച് 14,040 രൂപയും പവന് 1,080 രൂപ വര്‍ധിച്ച് 1,12,320 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 110 രൂപ ഉയര്‍ന്ന് 11,535 രൂപയാണ് വില. 14 കാരറ്റിന് ഗ്രാമിന് 8,985 രൂപയിവും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,795 രൂപയിലുമാണ് ഇന്ന് വ്യാപാരം. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപയില്‍ തുടരുന്നു.
ഈ മാസം ആദ്യം പവന് 1,14,560 രൂപയായിരുന്ന സ്വര്‍ണ വില ഇന്നലെ 1,11,240 രൂപ വരെ താഴ്ന്നിരുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങള്‍ മൂലമുള്ള ഡോളറിന്റെ മുന്നേറ്റവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിച്ചത്. എന്നാല്‍ ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിഞ്ഞതോടെയാണ് വീണ്ടും തിരിച്ചു കയറിയത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണ വില 4,315 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണ വില നിലവില്‍ 4,335 ഡോളറിലേക്ക് തിരിച്ചു കയറി.
എങ്കിലും, ശക്തമായ യു.എസ് തൊഴില്‍ കണക്കുകള്‍ പുറത്തു വന്നത് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തിയത് വില വലിയ രീതിയില്‍ കൂടുന്നതിന് തടയിട്ടു.
ഇസ്രായേലും ഇറാനും 'ഉടന്‍ തന്നെ വെടിനിര്‍ത്തലിന്' തയാറെടുക്കുകയാണെന്നും 'സമാധാനത്തിനായുള്ള' അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു.
യുദ്ധകാലഘട്ടങ്ങളില്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലാണ് സാധാരണയായി സ്വര്‍ണത്തെ കണക്കാക്കുന്നത് എങ്കിലും, ഒരു സമാധാന കരാര്‍ ഉണ്ടാകുന്നത് ഇന്ധനവില മൂലമുണ്ടാകുന്ന പണപ്പെരുപ്പ സാധ്യതകളെ കുറയ്ക്കും. ഇത് പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനുള്ള സെന്‍ട്രല്‍ ബാങ്കുകളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യും. ഉയര്‍ന്ന പലിശനിരക്കുകള്‍ സാധാരണയായി പലിശ ലഭിക്കാത്ത നിക്ഷേപമായ സ്വര്‍ണത്തിന്റെ വിലയെ ബാധിക്കാറുണ്ട്.
കഴിഞ്ഞ ആഴ്ച പുറത്തുവന്ന, പ്രതീക്ഷിച്ചതിലും ശക്തമായ യു.എസ് തൊഴില്‍ റിപ്പോര്‍ട്ട് വര്‍ഷാവസാനത്തോടെ പലിശനിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത കൂട്ടിയതിനെത്തുടര്‍ന്ന് ഡോളറിന്റെ മൂല്യം കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനടുത്താണ് വ്യാപാരം നടത്തുന്നത്. ഇതും സ്വര്‍ണവില ഉയരുന്നതിന് തടസമായി. ഡോളറിന്റെ മൂല്യം കൂടുന്നത് മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡോളറില്‍ വില നിശ്ചയിച്ചിട്ടുള്ള സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാക്കുന്നു.
സി.എം.ഇ ഗ്രൂപ്പിന്റെ ഫെഡ്‌വാച്ച് ടൂള്‍ പ്രകാരം, ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് കാല്‍ ശതമാനം പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ 43% സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. ഒരു മാസം മുമ്പ് ഇത് വെറും 14% മാത്രമായിരുന്നു.
ഫെഡറല്‍ റിസര്‍വിന്റെ ഭാവി പലിശനിരക്കുകളെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ക്കായി നിക്ഷേപകര്‍ ഇനി ബുധനാഴ്ച പുറത്തുവരുന്ന യു.എസ് ഉപഭോക്തൃ വില സൂചിക വിവരങ്ങള്‍ക്കും, വ്യാഴാഴ്ചത്തെ ഉല്‍പ്പാദക വില സൂചിക വിവരങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്.
ഹോര്‍മൂസ് പ്രശ്‌നങ്ങളും ഉയര്‍ന്ന എണ്ണ വിലകളും കാരണം സിറ്റി ബാങ്ക് സ്വര്‍ണത്തിന്റെ ഹ്രസ്വകാല ലക്ഷ്യവില ഔണ്‍സിന് 4,300 ഡോളറില്‍ നിന്ന് 4,000 ഡോളറായി കുറച്ചിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,320 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,21,640 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine