

സംസ്ഥാന വിപണിയിൽ ഇന്ന് (2026 ഏപ്രിൽ 30) സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് പുതുക്കിയ വിപണി വില 13,810 രൂപയായി നിശ്ചയിച്ചു. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് 160 രൂപ വർധിച്ച് പുതിയ വില 1,10,480 രൂപയിലേക്കും എത്തിച്ചേർന്നു.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ കൂടി ഇന്നത്തെ വിപണി വില 11,350 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 15 രൂപ വർധിച്ച് പുതിയ വില 8,840 രൂപയായി. 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 10 രൂപ കൂടി 5,700 രൂപയായി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഭ്യന്തര വിപണിയിലെ സ്വർണ വിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വ്യാപാരത്തിനിടയിൽ രണ്ട് തവണ വീതം വിപണി വിലയിൽ മാറ്റം രേഖപ്പെടുത്തേണ്ടി വന്നു. ഇന്നലെ വൈകുന്നേരം വിലയിടിവ് നേരിട്ട ശേഷമാണ് ഇന്ന് രാവിലെ സ്വർണ നിരക്കിൽ നേരിയ വർധന കുറിച്ചത്. എന്നിരുന്നാലും ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ നിന്നും ഒരു പവന്റെ വില ഇപ്പോഴും 4,060 രൂപ താഴെയാണുള്ളത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ ദിവസം അവസാനിച്ച പണനയ അവലോകന യോഗത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. അത് താത്കാലികമായി സ്വർണത്തിന് മേൽ സമ്മർദം ഏൽപ്പിക്കുന്ന ഘടകമാണ്.
സംസ്ഥാനത്തെ വിപണിയിൽ വെള്ളി വിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വിലയിൽ 5 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വിപണി വില 250 രൂപയിലേക്ക് താഴ്ന്നു. ആനുപാതികമായി 10 ഗ്രാം വെള്ളിയുടെ വില 2,500 രൂപയും 100 ഗ്രാം വെള്ളിക്ക് 25,000 രൂപയായും ഒരു കിലോഗ്രാം വെള്ളിയുടെ നിരക്ക് 2,50,000 രൂപയായും രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെള്ളി വിലയിൽ ഇടിവ് നേരിടുന്നുണ്ട്. ഈ വർഷത്തെ ഉയർന്ന നിലവാരത്തിൽ നിന്നും 45 ശതമാനത്തോളം ഇടിവാണ് വെള്ളിയിൽ കുറിച്ചത്.
വ്യാഴാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയതിനാൽ, പുതുക്കിയ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലിയും, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18% ജി.എസ്.ടി എന്നിവയെല്ലാം ചേര്‍ത്ത് ഒരു പവൻ (22 കാരറ്റ്) ആഭരണം വാങ്ങുന്നതിന് ജുവൽറികളിൽ 1,19,648 രൂപയെങ്കിലും നൽകേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാമെന്നതും ശ്രദ്ധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine