വല്ലാത്ത പോക്ക് തന്നെ! പുതിയ റെക്കോഡിട്ട് സ്വര്‍ണം, കേരളത്തില്‍ 640 രൂപയുടെ വര്‍ധന

ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍ വില 640 രൂപ ഉയര്‍ന്ന് 87,560 രൂപയുമായി.
Rupee up graph, gold, war
Image : Canva
Published on

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച് 10,945 രൂപയും പവന്‍ വില 640 രൂപ ഉയര്‍ന്ന് 87,560 രൂപയുമായി.

ഒക്ടോബര്‍ ഒന്നിനു രേഖപ്പെടുത്തിയ പവന് 87,440 രൂപയും ഗ്രാമിന് 10,930 രൂപയുമെന്ന റെക്കോഡാണ് ഇന്ന് തകര്‍ത്തത്.

ചെറു കാരറ്റുകളും വെള്ളിയും

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറ്റത്തിലാണ്. ഗ്രാം വില 60 രൂപ ഉയര്‍ന്ന് 9,000 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,000 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 4,520 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 150 രൂപയിലാണ് വ്യാപാരം.

അമേരിക്കന്‍ കാറ്റേറ്റ് കയറ്റം

രാജ്യാന്തര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സ് വില 3,897.2 ഡോളറിലെത്തി റെക്കോഡിട്ടിരുന്നു. നിലവില്‍ 3,886 ഡോളറിലാണ് വ്യാപാരം.

അമേരിക്കയിലെ ഷട്ട്ഡൗണ്‍ ആശങ്കകളും പലിശ നിരക്ക് കുറയ്ക്കല്‍ പ്രതീക്ഷകളുമാണ് സ്വര്‍ണത്തില്‍ മുന്നേറ്റത്തിനു കാരണം. കഴിഞ്ഞ ആഴ്ച മാത്രം 2.7 ശതമാനമാണ് സ്വര്‍ണ വിലയിലെ വര്‍ധന.

യു.എസില്‍ ഷട്ട് ഡൗണ്‍ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത് സാമ്പത്തിക കണക്കുകള്‍ പുറത്തു വരുന്നതില്‍ കാലതാമസത്തിന് ഇടയാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച പുറത്തു വരുമെന്ന പ്രതീക്ഷിച്ച നോണ്‍-ഫാം പേയ്റോള്‍ റിപ്പോര്‍ട്ട് മാറ്റിവച്ചു. സെപ്റ്റംബറില്‍ യുഎസ് തൊഴില്‍ വിപണി സ്തംഭിച്ചതായാണ് ഇതര ഡാറ്റാ സ്രോതസുകള്‍ സൂചിപ്പിക്കുന്നത്.

വില ഉയരുമോ?

വിവിധ കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ശക്തമായ ആവശ്യം, നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയെല്ലാം ഒക്ടോബറില്‍ സ്വര്‍ണ്ണ വില ബുള്ളിഷ് ആയി തുടരാന്‍ കാരണമാകുമെന്നാണ് പ്രമുഖ വിദഗ്ധരും സാങ്കേതിക വിശകലന വിദഗ്ധരും പ്രതീക്ഷിക്കുന്നു.

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വ സമയങ്ങളില്‍ സ്വര്‍ണത്തിന് പ്രിയം കൂടുതലാണ്. പലിശനിരക്ക് കുറയുമ്പോള്‍ സുരക്ഷിതമായ ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ സ്ഥാനം വര്‍ധിക്കുന്നു. ഈ വര്‍ഷം, സ്വര്‍ണ വില ഇത് വരെ 47% ഉയര്‍ന്നതും ഇതിന് അടിവരയിടുന്നു.

അതേസമയം, റെക്കോര്‍ഡ് വിലയിലായിട്ടും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഈ ആഴ്ച വര്‍ധിച്ചിട്ടുണ്ട്. ചൈനീസ് വിപണികള്‍ക്ക് അവധിയായിരുന്നതിനാല്‍ അവിടെ വലിയ വ്യാപാരം നടന്നിരുന്നില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വാങ്ങല്‍ നടക്കുമെന്നാണ് കരുതുന്നത്.

ഇന്ന് ആഭരണത്തിന് നല്‍കണം...

സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട് കുതിച്ചതോടെ സ്വര്‍ണ വ്യാപാരികളും ആശങ്കയിലാണ്. അത്യാവശ്യക്കാരും കല്യാണപാര്‍ട്ടികളും അല്ലാത്തവര്‍ സ്വര്‍ണം വാങ്ങുന്നത് വൈകിപ്പിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ന് ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 94,749 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാകും. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് കുറഞ്ഞ പണിക്കൂലിയും മിക്ക വ്യാപാരികളും ഓഫര്‍ ചെയ്യുന്നുണ്ട്.

Gold price hits an all-time high in Kerala with a gram at ₹10,945 and a sovereign at ₹87,560 due to global economic uncertainties

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com