റിവേഴ്‌സ് ഗിയറില്‍ വിശ്രമിച്ച് സ്വര്‍ണം, ഇന്ന് വാങ്ങിയാല്‍ 1,400 രൂപ ലാഭിക്കാം, ആദായ വില്‍പ്പന സീസണ്‍ കഴിയുന്നോ?

വെള്ളിക്കും ഇന്ന് അനക്കമില്ല
gold jewellery
AdobeStocks
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 9,295 രൂപയിലും പവന് 74,360 രൂപയിലും തുടരുന്നു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിനു ശേഷമാണ് സ്വര്‍ണം ബ്രേക്ക് എടുത്തത്. ഓഗസ്റ്റ് എട്ടിന് പവന് 75,760 രൂപ വരെ എത്തിയ സ്വര്‍ണ വില ഇതിനകം 1,400 രൂപയോളം കുറഞ്ഞിട്ടുണ്ട്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,630 രൂപയിലാണ് വില്‍പ്പന. വെള്ളി വിലയും ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.

ദിവസേനയുള്ള സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍, അന്താരാഷ്ട്ര വിലനിലവാരം അനുസരിച്ചും, രൂപയുടെ വിനിമയ നിരക്ക് അനുസരിച്ചും 5രൂപയുടെ കുറവോ, കൂടുതലോ വന്നാല്‍ കുറയ്ക്കുകയോ, കൂട്ടുകയോ ചെയ്യേണ്ടതില്ലെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ചാണ് വില മാറ്റമില്ലാതെ നിലനിര്‍ത്തിയതെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. അതേസമയം ജസ്റ്റിന്‍ പാലത്ര നയിക്കുന്ന സംഘടനയ്ക്ക് കീഴിലുള്ള ജൂവലറികള്‍ പവന് 40 രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്.

വില തിരിച്ചു കയറുമോ?

സ്വര്‍ണത്തിന് ഇറക്കുമതി തീരുവയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുന്നത്. ഇതിനൊപ്പം ചൈനയ്ക്കുള്ള ഇറക്കുമതി തീരുവ നടപ്പാക്കുന്നതിന് 90 ദിവസത്തെ സാവകാശം നല്‍കിയത് തീരുവ യുദ്ധത്തിന് ആശ്വാസം പകര്‍ന്നതും സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറച്ചു.

അതേസമയം, ഇന്നലെ പുറത്തുവന്ന യു.എസിലെ പണപ്പെരുപ്പക്കണക്കുകള്‍ പ്രതീക്ഷയ്ക്ക്‌ അടുത്തായതും ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് വിരാമമാകുമെന്ന സൂചനകളും സ്വര്‍ണത്തിന് സമീപഭാവിയില്‍ മുന്നേറ്റ സാധ്യത കല്‍പ്പിക്കുന്നുണ്ട്.

യു.എസിലെ പണപ്പെരുപ്പം ജൂലൈയില്‍ 2.7 ശതമാനമായതായി യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ കാണിക്കുന്നു. ഭക്ഷ്യ, ഊര്‍ജ മേഖലകളൊഴികെയുള്ള കാതല്‍ പണപ്പെരുപ്പം ജൂണിലെ 2.9 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി. ഇതിനൊപ്പം മറ്റ് ചില സുപ്രധാന കണക്കുകള്‍ ഇന്ന് പുറത്തുവരുന്നുണ്ട്.

ഇതെല്ലാം സെപ്റ്റംബറില്‍ നടക്കുന്ന ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തിയേക്കുമെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നേക്കാം.

Gold prices remain unchanged in Kerala as global economic signals and US inflation data influence market sentiment.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com