പലിശ വര്‍ധന ഏറ്റില്ല, ഇന്നും മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണം, രണ്ട് ദിവസത്തിനിടെ പവന് കൂടിയത് ₹2,200

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ബോണ്ട് ആദായത്തിലെ കുറവുമാണ് മഞ്ഞലോഹത്തിന് കരുത്തായത്.
പലിശ വര്‍ധന ഏറ്റില്ല, ഇന്നും മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണം, രണ്ട് ദിവസത്തിനിടെ പവന് കൂടിയത് ₹2,200
Published on

കേരളത്തിൽ സ്വര്‍ണവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,285 രൂപയിലും പവന്‍ വില 1,14,280 രൂപയിലുമെത്തി.

ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വർധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന്‍ വിലയിൽ 2,200 രൂപയുടെ വലിയ വർധനയാണ് രേഖപ്പെടുത്തിയത്.

ചെറു കാരറ്റുകളിലും വില വർധിച്ചു

വലിയ കാരറ്റുകൾക്ക് ഒപ്പം ചെറു കാരറ്റുകളുടെ വിലയിലും ഇന്നു വർധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 9,140 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 5,895 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മുന്നേറ്റത്തിന് കരുത്തേകി ആഗോള ഘടകങ്ങൾ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം ഔണ്‍സിന് 4,378 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയിൽ വ്യാപാരം അവസാനിച്ചത്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവ് ബുള്ളിയൻ വിപണിക്ക് പെട്ടെന്നുള്ള ഉണർവ് നൽകി. ഇതിനുപുറമെ, യുഎസ് ഡോളറിലെ പരിമിതമായ നേട്ടവും ആഗോള ബോണ്ട് ആദായത്തിലെ കുറവും സ്വര്‍ണത്തിന് അനുകൂല അന്തരീക്ഷമൊരുക്കുകയായിരുന്നു.

ഫ്യൂച്ചേഴ്സ് വിപണിയായ MCX-ൽ ഒക്ടോബർ ഡെലിവറിക്കായുള്ള സ്വര്‍ണവില 10 ഗ്രാമിന് 1,620 രൂപ വർധിച്ച് ഉയർന്ന നിരക്കായ 1,54,600 രൂപയിലെത്തി. മൂന്ന് ദിവസത്തെ ആകെ നേട്ടം 3,791 രൂപയാണ്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ചതിനോട് ആരംഭത്തിൽ സ്വര്‍ണം പ്രതികൂലമായാണ് പ്രതികരിച്ചതെങ്കിലും, പിന്നീട് ഇന്ധനവില കുറഞ്ഞത് പണപ്പെരുപ്പം നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷ നൽകുകയും സ്വര്‍ണവിലയ്ക്ക് ആശ്വാസമാവുകയും ചെയ്തു. പ്രധാന കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളർ 100.2 നടുത്തായി തുടരുന്നത് മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് സ്വര്‍ണം കൂടുതൽ ചെലവേറിയതാക്കുന്നുണ്ട്.

ഇപ്പോൾ വാങ്ങാമോ? നിക്ഷേപകർ അറിയാൻ

വിലയിടിവിന് ശേഷം ശക്തമായ തിരിച്ചുവരവ് ഉണ്ടായെങ്കിലും വിപണിയിൽ ചാഞ്ചാട്ടം ഇപ്പോഴും ഉയർന്ന നിലയിലാണ്. ഫെഡറല്‍ റിസര്‍വ് ഇനിയും പലിശ കൂട്ടിയേക്കുമെന്ന സൂചനകളും, യുഎസ് 10-വര്‍ഷ ട്രഷറി ഈല്‍ഡ് 5 ശതമാനത്തിന് അടുത്തായി തുടരുന്നതും ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളറിന് മുകളിലായതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഈ ആഗോള ഘടകങ്ങൾ കാരണം സ്വര്‍ണവിലയുടെ ഗതി എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ, നിലവിലെ വിലക്കയറ്റം മാത്രം കണ്ട് പെട്ടെന്ന് ധൃതിപിടിച്ച് നിക്ഷേപത്തിലേക്ക് കടക്കരുതെന്നും കാത്തിരുന്ന് കാണുന്നതാണ് അനുയോജ്യമെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.

Gold prices in Kerala registered a sharp rise for the second straight day driven by global market trends and a drop in crude oil prices.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com