ഓണത്തിന് മുന്നേ റെക്കോഡ് തൊടുമോ സ്വര്‍ണം? മൂന്ന് ദിവസം കൊണ്ട് കൂടിയത് 5,960 രൂപ; ഇന്ന് പവന് 1,120 രൂപ വര്‍ധിച്ചു

ഉയര്‍ന്ന വിലയിലും വാങ്ങലുകള്‍ ശക്തം, പഴയ സ്വര്‍ണം മാറ്റി വാങ്ങുന്നവരും ഏറി
ഓണത്തിന് മുന്നേ റെക്കോഡ് തൊടുമോ സ്വര്‍ണം? മൂന്ന് ദിവസം കൊണ്ട് കൂടിയത് 5,960 രൂപ; ഇന്ന് പവന് 1,120 രൂപ വര്‍ധിച്ചു
chatgpt
Published on

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,950 രൂപയും പവന്‍ വില 1,19,600 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണിയില്‍ ഈ മുന്നേറ്റം തുടരുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ മൂന്ന് ദിവസം കൊണ്ട് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 5,960 രൂപയുടെ വര്‍ധനയാണുണ്ടായത്.

ചെറു കാരറ്റുകളിലും മുന്നേറ്റം

മറ്റ് കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് സമാനമായ മുന്നേറ്റമുണ്ടായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 12,285 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,565 രൂപയും 9 കാരറ്റിന് ഗ്രാമിന് 55 രൂപ ഉയര്‍ന്ന് 6,165 രൂപയുമായി. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 260 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

റെക്കോഡ് തകര്‍ക്കുമോ?

കേരള വിപണിയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ ഓണം സീസണില്‍ സ്വര്‍ണവില പുതിയ റെക്കോഡിലേക്ക് എത്തുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

വിലയിലുണ്ടായ വലിയ മുന്നേറ്റം ഉപഭോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, കേരളത്തിലെ ഓണം-വിവാഹ വിപണിയെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. വില ഇനിയും ഉയരുമെന്ന വിലയിരുത്തലില്‍ ആവശ്യമായ വാങ്ങലുകള്‍ ഇപ്പോള്‍ തന്നെ നടത്താന്‍ ഉപഭോക്താക്കള്‍ താല്പര്യം കാണിക്കുന്നത് വിപണിക്ക് കരുത്താകുന്നുണ്ട്.

ഉയര്‍ന്ന വില കാരണം പഴയ സ്വര്‍ണം വിറ്റ് പുതിയ ആഭരണങ്ങള്‍ വാങ്ങുന്ന രീതിയും (Gold Exchange) വിപണിയില്‍ സജീവമാണ്. അതിനാല്‍ ഇത്തവണത്തെ ഓണസീസണിലും മികച്ച കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ആഗോള വിപണിയിലെ പ്രതിഫലനം

ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. യുഎസ് ഡോളറിന്റെ തളര്‍ച്ചയും ബോണ്ട് വിപണിയിലെ അനിശ്ചിതത്വങ്ങളും ഇതിന് ആക്കം കൂട്ടി.

രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,950 ഡോളര്‍ വരെ താഴ്ന്നശേഷം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4,600 ഡോളറിലേക്ക് തിരികെ കയറുകയായിരുന്നു. ഒരുവേള 4,631 ഡോളര്‍ വരെ ഉയര്‍ന്ന രാജ്യാന്തര വില നിലവില്‍ 4,603 ഡോളര്‍ നിരക്കിലാണ്. അന്താരാഷ്ട്ര തരംഗത്തിന് പുറമെ, ഇന്ത്യയിലെ ഉത്സവ സീസണ്‍ ആരംഭിച്ചതോടെയുണ്ടായ സീസണല്‍ ഡിമാന്‍ഡും ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് പ്രധാന കാരണമാണ്.

ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് നല്‍കേണ്ടത്‌

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,29,520 രൂപയാകും.

Gold prices in Kerala continued their upward rally for the third consecutive session, driven by Middle East geopolitical tensions and strong festive demand.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com