വീണ്ടും മുന്നോട്ട് സ്വര്‍ണം, രണ്ട് ദിവസം കൊണ്ട് ₹1000 വര്‍ധന, നാലാം നാളും അനങ്ങാതെ വെള്ളി വില

ബാങ്ക് ഓഫ് ജപ്പാന്റെ വിപണിയിലെ ഇടപെടലും യുഎസ് ജിഡിപി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയ ഇടിവും യുഎസ് ഡോളറിന് തിരിച്ചടിയായി.
kerala girl gold
Published on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 13,255 രൂപയും പവന് 200 രൂപ വര്‍ധിച്ച് 1,06,040 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 10,890 രൂപയായി. 14 കാരറ്റിന് 8,485 രൂപയും ഒമ്പത് കാരറ്റിന് 5,475 രൂപയുമാണ് ഇന്ന് വില.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 235 രൂപയില്‍ തുടരുന്നു.

ആഗോള വിപണിയ്‌ക്കൊപ്പം

ആഗോള വിപണിയിലുണ്ടായ മുന്നേറ്റമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 48 ഡോളര്‍ ഉയര്‍ന്ന് 4,088 ഡോളര്‍ എന്ന നിലവാരത്തിലേക്ക് എത്തി.

ഡോളറിന്റെ മൂല്യത്തിലുണ്ടായ തളര്‍ച്ചയാണ് സ്വര്‍ണത്തിന് പ്രധാനമായും തുണയായത്. ബാങ്ക് ഓഫ് ജപ്പാന്റെ വിപണിയിലെ ഇടപെടലും യുഎസ് ജിഡിപി വളര്‍ച്ചയില്‍ രേഖപ്പെടുത്തിയ ഇടിവും യുഎസ് ഡോളറിന് തിരിച്ചടിയായി. ഡോളര്‍ ദുര്‍ബലമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുകയായിരുന്നു.

ഇതിനുപുറമെ, യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയവും സ്വര്‍ണവിലയ്ക്ക് അനുകൂല ഘടകമായി മാറി. അടിസ്ഥാന പലിശനിരക്കുകള്‍ ഉടനടി ഉയര്‍ത്താനിടയില്ലെന്ന തണുപ്പന്‍ സമീപനം ഫെഡ് വ്യക്തമാക്കിയതോടെ ബോണ്ട് യീല്‍ഡുകള്‍ താഴുകയും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുകയും ചെയ്തു.

തിരിച്ചടിയായി യു.എസ് ജി.ഡി.പി; ആശങ്കയില്‍ പണപ്പെരുപ്പവും

2026-ലെ രണ്ടാം പാദത്തില്‍ (ഏപ്രില്‍ - ജൂണ്‍) യു.എസ് ജി.ഡി.പി വെറും 1.5 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഡൗ ജോണ്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖ സാമ്പത്തിക ഏജന്‍സികള്‍ കുറഞ്ഞത് 1.8 ശതമാനം വളര്‍ച്ച പ്രവചിച്ച സ്ഥാനത്താണിത്. തൊട്ടുമുമ്പത്തെ പാദമായ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി 2.1 ശതമാനം വളര്‍ന്നിരുന്നു.

ഇതിനുപുറമേ, ജൂണില്‍ യു.എസിലെ പണപ്പെരുപ്പം (Personal Consumption Expenditures Price Index) 3.7 ശതമാനത്തിലേക്ക് ഉയര്‍ന്നതും വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിടുന്ന 2 ശതമാനത്തേക്കാള്‍ ഏറെ ഉയര്‍ന്ന നിരക്കാണിത്.

അതേസമയം, യുഎസില്‍ വ്യക്തിഗത ചെലവഴിക്കല്‍ (Personal Spending) മുന്‍പാദത്തിലെ 0.4 ശതമാനത്തില്‍ നിന്ന് 2.1 ശതമാനത്തിലേക്ക് വലിയ കുതിച്ചുചാട്ടം നടത്തി. കൂടാതെ ആഭ്യന്തര സ്വകാര്യ നിക്ഷേപവും കയറ്റുമതിയും 0.5 ശതമാനം വീതം വളര്‍ച്ച നേടിയിട്ടുണ്ട്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

ഇന്നത്തെ സ്വര്‍ണത്തിന്റെ വിപണി വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ഒരു പവന്‍ ആഭരണത്തിന്റെ വില കണക്കാക്കുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും. അതുപ്രകാരം, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 1,14,841 രൂപയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com