

സംസ്ഥാന വിപണിയിൽ സ്വർണത്തിന്റെ നിരക്കുകളിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ട് തവണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണം, ഇന്ന് (2026 ഏപ്രിൽ 3) പക്ഷേ കുതിപ്പിലാണ്. ദുഃഖ വെള്ളിയാഴ്ച കൂടിയായ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആരംഭിച്ച വേളയിൽ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ വർധിച്ച് വിപണി വില 13,835 രൂപയായി. ആനുപാതികമായി 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന് (8 ഗ്രാം തൂക്കം) 1,440 രൂപയുടെ വർധനയോടെ പുതുക്കിയ വില 1,10,680 രൂപയായി.
അതുപോലെ 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ ഉയർന്ന് പുതിയ വില 11,370 രൂപയായി രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി ഇന്ന് രാവിലത്തെ വില 8,855 രൂപയിലേക്കും എത്തിച്ചേർന്നു. സമാനമായി 9 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ വർധിച്ച് വിപണി വില 5,710 രൂപയായും ഇന്നത്തേക്ക് കുറിച്ചു. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയിൽ തുടരുന്നു.
കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്തെ വിപണിയിലെ സ്വർണ നിരക്കുകളിൽ കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും (മാർച്ച് 30 & 31) മൂന്ന് തവണ വീതമാണ് സ്വർണത്തിന്റെ നിരക്കുകളിൽ മാറ്റം രേഖപ്പെടുത്തിയത്. ഇതിൽ തിങ്കളാഴ്ച മൂന്ന് തവണയും വില വർധനയായിരുന്നുവെങ്കിൽ ചൊവ്വാഴ്ച രണ്ട് തവണ വിലയിടിവും വൈകിട്ട് വർധനയും കുറിച്ചു. തുടർന്ന് ബുധനാഴ്ച (ഏപ്രിൽ 1) മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണ വില 1,12,160 രൂപ വരെ മുന്നേറി. തുടർന്ന് ഇന്നലെ (ഏപ്രിൽ 2) രണ്ട് തവണ വില ഇടിവ് കുറിച്ച് പവന്റെ വില 1,09,240 രൂപയിലേക്ക് വരെ താഴ്ന്നു. തുടർന്ന് ഇന്ന് വീണ്ടും വില വർധനയ്ക്ക് സാക്ഷ്യംവഹിച്ചു.
വെള്ളിയാഴ്ച രാവിലെ സ്വർണ നിരക്കുകളിൽ വർധന രേഖപ്പെടുത്തിയതോടെ, പുതുക്കിയ വിപണി വിലക്കൊപ്പം (22 കാരറ്റ്) ചുരുങ്ങിയത് 5% നിരക്കിൽ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേൽ ചുമത്തുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു പവൻ ആഭരണം വാങ്ങുന്നതിന് സംസ്ഥാനത്തെ ജുവൽറിയിൽ 1,14,054 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിൽ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം നേരിടാമെന്നതും ഓർക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine