ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും മുന്നോട്ട്, ഈ ആഴ്ച പവന്‍ വിലയില്‍ വര്‍ധന 1,360 രൂപ, വില വീണ്ടും ഉയരുമോ?

ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വില ഉയര്‍ന്നത് 27 ശതമാനം
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9,060 രൂപയും പവന് 80 രൂപ ഉയര്‍ന്ന് 72,480 രൂപയുമായി. ഇതോടെ ഈ ആഴ്ച പവന്‍ വിലയിലുണ്ടായത് 1,360 രൂപയുടെ വര്‍ധന.

18 ഗ്രാം സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 7,430 രൂപയിലെത്തി. വെള്ളിവിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 116 രൂപ.

രാജ്യന്തര വിലയുടെ നിഴലില്‍

രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 0.30 ശതമാനം ഉയര്‍ന്ന് 3,336.64 ഡോളറിലെത്തിയിരുന്നു. യു.എസിന്റെ ഉയരുന്ന കടവും പുതിയ ഇറക്കുമതി ചുങ്കനീക്കങ്ങളും ആശങ്കയുണര്‍ത്തിയതാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിനിടയാക്കിയത്. തൊട്ട് മുന്‍ ദിവസം മികച്ച തൊഴില്‍ കണക്കുകള്‍ പുറത്തുവന്നത് യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ അടിസ്ഥാന പലിശ നിരക്കുകള്‍ വേഗം കുറയ്ക്കുന്നതില്‍ നിന്ന് പിന്‍വലിക്കുമെന്ന സൂചനകള്‍ സ്വര്‍ണവിലയില്‍ ഒരു ശതമാനത്തോളം ഇടിവുണ്ടാക്കിയിരുന്നു.

വില മുന്നേറ്റം തുടരുമോ?

പശ്ചിമേഷ്യന്‍ യുദ്ധവും ഇറക്കുമതി ചുങ്കവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ അയവു വന്നത് സ്വര്‍ണ വില കുറഞ്ഞ് നില്‍ക്കാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അനിശ്ചിതത്വങ്ങളുടെ നാളുകളിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ അടുക്കുന്നത്.

നിലവില്‍ ഡോളറിന്റെ ഇടിവാണ് സ്വര്‍ണത്തിന് മുന്നോട്ട് പോകാനുള്ള അവസരം നല്‍കുന്നത്. ഡോളര്‍ വില ഇടിയുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടമാകുകയും ഡിമാന്‍ഡ് ഉയരുകയും ചെയ്യും. ഇത് വിലവര്‍ധനവിലേക്ക് നയിച്ചേക്കാം.

ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വില 27 ശതമാനമാണ് ഉയര്‍ന്നത്. ഏപ്രില്‍ 22ന് ഔണ്‍സ് വില 3,500 ഡോളര്‍ എന്ന എക്കാലത്തെയും ഉയരത്തിലെത്തുകയും ചെയ്തു. വെറും മുപ്പത് മാസം കൊണ്ടാണ് സ്വര്‍ണ വില ഇരട്ടിയായത്.

ആഭരണത്തിന് വില ഇങ്ങനെ

ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത തുകയാണ് ആഭരണത്തിന് ഈടാക്കുന്നത്. അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയൊക്കെയാണ് വിവിധ ആഭരണങ്ങള്‍ക്ക് പണിക്കൂലി. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇന്നത്തെ വിലയനുസരിച്ച് 82,000 രൂപയ്ക്ക് മുകളിലാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com