

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും വന്‍ ഇടിവ്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഉച്ചയ്ക്ക് കുറഞ്ഞത്. രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടായതോടെയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ കേരളത്തില്‍ വ്യാപാര സംഘടനകള്‍ വില പുതുക്കിയത്. ഇതോടെ ഗ്രാമിന് 13,255 വില രൂപയിലും പവന് 1,06,040 രൂപയിലുമെത്തി.
ഇന്ന് രണ്ട് തവണയായി പവന്‍ വിലയിലുണ്ടായതാകട്ടെ 2,480 രൂപയുടെ കുറവും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ സ്വര്‍ണം. ഈ മാസം ആദ്യം 1,14,560 രൂപയായിരുന്നു ഒരു പവന്റെ വില.
അതുമായി നോക്കുമ്പോള്‍ 8,520 രൂപയുടെ കുറവുണ്ട്. അതേസമയം ജനുവരി 29ന് കേരളത്തില്‍ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,31,160 രൂപയുമായി നോക്കുമ്പോള്‍ 25,120 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
ആഗോള സാമ്പത്തിക രംഗത്തുണ്ടായ ചില നിര്‍ണായക മാറ്റങ്ങളാണ് സ്വര്‍ണവില പെട്ടെന്ന് താഴേക്ക് വരാന്‍ കാരണമായത്. പ്രധാനമായും, റെക്കോര്‍ഡ് വിലയിലെത്തിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുപ്പിന് (Profit-booking) മുതിര്‍ന്നതും, യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം ട്രഷറി ബോണ്ട് നിരക്കുകള്‍ വര്‍ധിച്ചതും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആകര്‍ഷണീയത കുറച്ചു. ഇതിനുപുറമേ, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത് വൈകിപ്പിക്കുമെന്ന സൂചനകളും ആഗോള സ്വര്‍ണ വിപണിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്.
ഹ്രസ്വകാലയളവില്‍ സ്വര്‍ണവിലയില്‍ ഇനിയും നേരിയ ഇടിവുകള്‍ ഉണ്ടായേക്കാമെങ്കിലും ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ട്രെന്‍ഡ് പോസിറ്റീവ് ആയി തന്നെ തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ പിരിമുറുക്കങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പൂര്‍ണമായി മാറാത്തതിനാല്‍ സ്വര്‍ണത്തിനായുള്ള ഡിമാന്‍ഡ് പൂര്‍ണമായും ഇടിയില്ല. നിലവിലുണ്ടായിരിക്കുന്ന ഈ തിരുത്തല്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാനുള്ള മികച്ചൊരു അവസരമായി മാറാനും സാധ്യതയുണ്ട്. നിലവില്‍ രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 4,129 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇടയ്ക്ക്4,090 ഡോളര്‍ വരെയും താഴ്ന്നിരുന്നു. ഇന്ന് ഒറ്റ ദിവസം കൊണ്ട് വിലയില്‍ രണ്ട് ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തിയത്.
Global profit-booking and stronger US dollar trigger a massive single-day drop of Rs 2,480 per sovereign in Kerala's gold market
Read DhanamOnline in English
Subscribe to Dhanam Magazine