അമേരിക്കയിലേക്ക് ഉറ്റുനോക്കി ലോകം, സ്വര്‍ണവും കട്ട വെയിറ്റിംഗ്, കുതിക്കുമോ, കിതയ്ക്കുമോ?

ഏപ്രില്‍ രണ്ട് ലോകവിപണികളെ സംബന്ധിച്ച് നിര്‍ണായകമാണ്, ട്രംപിന്റെ ചുങ്കപ്പോര് പ്രാബല്യത്തിലേക്ക്
gold
Published on

അമേരിക്കയുടെ ചുങ്കപ്പോര് ഇന്നു മുതല്‍ ഔദ്യോഗികമാകുന്നതിലുള്ള ആശങ്കയിലാണ് വ്യാപാര ലോകം. സ്വര്‍ണ വിപണിയും ആകാംക്ഷയിലാണ്. അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 3,149 ഡോളര്‍ വരെ എത്തി പുതിയ റെക്കോഡ് കുറിച്ചെങ്കിലും പിന്നീട് 3,115 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം 3,135 ഡോളര്‍ വരെയെത്തി.

കേരളത്തില്‍ സ്വര്‍ണ വില ഇന്നലെ കുറിച്ച പവന് 68,080 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാം വില 8,510 രൂപ. 18 കാരറ്റ് സ്വര്‍ണ വിലയ്ക്കും മാറ്റമില്ല. ഗ്രാമിന് 6,980 രൂപ.കേരളത്തില്‍ എക്കാലത്തും രേഖപ്പെടുത്തിയ റെക്കോഡ് വിലയാണിത്.

വെള്ളി വില 112 രൂപയില്‍ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വിലയില്‍ മാറ്റമില്ല.

സ്വര്‍ണ വിലയും ചുങ്കപ്പോരും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതിച്ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നതാണ് സ്വര്‍ണത്തിന്റെ നീക്കത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. ഒപ്പം പ്രത്യേക വ്യാപാര കരാറുകളും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ചുങ്കത്തില്‍ ഭാഗികമായ ഇളവുകള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് നല്‍കിയിട്ടുള്ള സൂചന. ട്രംപിന്റെ പ്രഖ്യാപനത്തില്‍ നേരിയ ഇളവുകളെങ്കിലും വന്നാല്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് ചെറിയ ശമനമുണ്ടായേക്കാം. ഇത് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള വന്‍കിട നിക്ഷേപകര്‍ താല്‍ക്കാലികമായി ലാഭം എടുത്ത് പിരിയാന്‍ വഴിയൊരുക്കും.

വല്ലാത്ത പോക്ക്!

2024 ഏപ്രില്‍ ഒന്നിന്‌ അന്താരാഷ്ട്ര സ്വര്‍ണവില 2623 ഡോളര്‍ ആയിരുന്നു. 2025 സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31ന് വില3148 ഡോളര്‍ ആയി. 890 ഡോളറിന്റെ വലിയ വ്യത്യാസമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. മുമ്പ് എങ്ങും ഇത്രമാത്രം ഒരു വര്‍ധന ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

ഈ കാലയളവില്‍ ആഭ്യന്തര വിലയില്‍ ഗ്രാമിന് 2150 രൂപയും പവന് 17200 രൂപയുമാണ് വര്‍ധിച്ചത്.

രൂപയുടെ വിനിമയ നിരക്ക് ഈ കാലയളവില്‍ 85.55 ആയിരുന്നത് ഇപ്പോള്‍ 85.45 ആയിട്ടുണ്ട്. ആറുമാസം മുമ്പ് 87 രൂപയ്ക്ക് മുകളിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്.

ഇനിയും കുതിക്കും?

താല്‍ക്കാലികമായ ഒരു ചാഞ്ചാട്ടം സ്വര്‍ണവിലയില്‍ ഉണ്ടായാലും വില മുന്നോട്ട് തന്നെയായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

2025 ജനുവരി ഒന്നിന് 7150 രൂപയായിരുന്നു സ്വര്‍ണവില ഗ്രാമിന്. പവന്‍ വില 57,200 രൂപയുമായിരുന്നു .കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സ്വര്‍ണവിലയില്‍ ഗ്രാമിന് 1360 രൂപയുടെ വ്യത്യാസവും പവന്‍ വിലയില്‍ 10,880 രൂപയുടെ വര്‍ധനയുമാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റതിനുശേഷമുള്ള നയങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണത്തെ ഇത്രയും ഉയര്‍ത്തിയത്.

അനിശ്ചിതത്വനാളുകളില്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം ഉയര്‍ത്തുന്നതും വിലയെ സ്വാധീനിക്കുന്നു.

സ്വര്‍ണ വില ഓരോ രൂപ ഉയരുമ്പോഴും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 88 കോടി രൂപയാണ് സമാഹരിക്കുന്നത്. ആര്‍.ബി.ഐയുടെ ഇന്നത്തെ സംയോജിത സ്വര്‍ണ കരുതല്‍ ശേഖരം 8 ട്രില്യണില്‍ കൂടുതലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com