സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമോ? സംസ്ഥാനത്ത് വിലയില്‍ വമ്പന്‍ ഇടിവ്, വിലകുറയുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസം

മൂന്ന് ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും കുറഞ്ഞു
kerala girl gold
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയും പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്.

18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 160 രൂപ കുറഞ്ഞ് 7,060 രൂപയിലെത്തി. 24 കാരറ്റ് സ്വർണ്ണത്തിൻറെ വില ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 107 രൂപയിലായി. മൂന്ന് ദിവസത്തിനു ശേഷമാണ് വെള്ളി വിലയില്‍ മാറ്റമുണ്ടാകുന്നത്.

വില ഇടിവിന് കാരണം

യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് പരിസമാപ്തിയായതിനു പിന്നാലെയാണ് സ്വര്‍ണ വില ഇടിവിലേക്ക് എത്തിയത്.

അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 3,248 ഡോളറില്‍ നിന്ന് 3,186 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 3,152 ഡോളറായും കുറഞ്ഞിട്ടുണ്ട്. താരിഫ് നിരക്ക് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു-ടേണ്‍ എടുത്തതോടെ വ്യാപാരയുദ്ധത്തില്‍ അയവ് വന്നു. അതോടൊപ്പം വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണത്തിന് വില കുറയാന്‍ കാരണമായി. വ്യാപാര യുദ്ധ ആശങ്കള്‍ ഇല്ലാതായതോടെ സുരക്ഷിത നിക്ഷേപമെന്ന രീതിയിലുള്ള സ്വര്‍ണത്തിന്റെ ആവശ്യം കുറഞ്ഞതാണ് വിലയെ ബാധിച്ചത്.

അധികം താമസിയാതെ അന്താരാഷ്ട്ര സ്വര്‍ണ വില 2950 ഡോളര്‍ വരെ കുറഞ്ഞേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ വരുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 74,547 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com