

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മണിക്കൂറുകള്‍ക്കകം മാറ്റം. ഗ്രാമിന് 200 രൂപ ഉയര്‍ന്ന് 14,110 രൂപയായി. പവന്‍ വില 1,600 രൂപ കൂടി 1,12,880 രൂപയിലുമെത്തി. 18 കാരറ്റിന് ഗ്രാമിന് 11,595 രൂപയും 14 കാരറ്റിന് ഗ്രാമിന് 9030 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,820 രൂപയുമാണ് വില. വെള്ളി വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഭാഗികമായ അടച്ചുപൂട്ടല്‍ (Partial Government Shutdown) കാരണം ഈ ആഴ്ച നിര്‍ണായകമായ സാമ്പത്തിക കണക്കുകള്‍ പുറത്തുവരാത്ത പശ്ചാത്തലത്തില്‍, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില വീണ്ടും കുതിച്ചുയരുന്നതായാണ് കാണുന്നത്. കഴിഞ്ഞ സെഷനുകളിലുണ്ടായ വിലയിടിവില്‍ നിന്ന് മികച്ച തിരിച്ചുവരവാണ് ലോഹങ്ങള്‍ നടത്തിയത്.
രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 5% വര്‍ധിച്ച് ഔണ്‍സിന് 4,900 ഡോളര്‍ എന്ന നിരക്കിലെത്തി. തൊട്ടുപിന്നാലെ വെള്ളി വിലയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്; ഔണ്‍സിന് 11% വര്‍ധിച്ച് 85 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഫെഡറല്‍ റിസര്‍വ് മേധാവിയായി കെവിന്‍ വാര്‍ഷിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തതിനെത്തുടര്‍ന്ന് വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. സ്വര്‍ണവിലയും ഡോളറിന്റെ മൂല്യവും ഒരുപോലെ ചാഞ്ചാടുന്നത് നിക്ഷേപകര്‍ക്കിടയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine