Begin typing your search above and press return to search.
സ്വര്‍ണ കള്ളക്കടത്ത് കുറഞ്ഞു, സ്വര്‍ണ വ്യാപാര മേഖലയില്‍ ഉണര്‍വ്; കാരണം ഇതാണ്
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും ആറ് ശതമാനം ആക്കിയതോടെ കേരളത്തിലേക്കുള്ള രാജ്യന്തര കള്ളക്കടത്ത് വലിയതോതില്‍ കുറഞ്ഞതായി കണക്കുകള്‍.കേരളത്തിലെ സ്വര്‍ണാഭരണ വിപണിയില്‍ വലിയ ഉണര്‍വാണ് ഇതിലൂടെ വന്നിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.
ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി വരുമ്പോള്‍ 9 ലക്ഷം രൂപയില്‍ അധികമായിരുന്നു കഴിഞ്ഞമാസം വരെ ലാഭം ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് മൂന്ന് ലക്ഷം രൂപ മാത്രമായി ചുരുങ്ങിയതയോടെയാണ് വളരെയധികം പേര്‍ അതില്‍ നിന്നും പിന്മാറിയത്.
ഇറക്കുമതി കുറഞ്ഞു
ഇതോടെ യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വളരെ കുറവ് വന്നിട്ടുണ്ട്. ദുബൈയിലെ സ്വര്‍ണ വ്യാപാരത്തില്‍ 20 ശതമാനത്തിലധികം ഇടിവ് വന്നതായും വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ദുബൈയില്‍ നിന്നും നേരത്തെ സ്വര്‍ണ്ണം കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുമ്പോള്‍ ഒരു പവന് 5,000 രൂപയ്ക്ക് അടുത്ത് ലാഭം ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഇത് ആയിരം രൂപയില്‍ താഴെ മാത്രമായി ചുരുങ്ങിയതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട്.
ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണം പുനരുപയോഗത്തിന് കൂടുതല്‍ സാധ്യമാക്കിയാല്‍ ഇറക്കുമതി പരമാവധി കുറയ്ക്കാന്‍ കഴിയും. അതോടൊപ്പം തന്നെ സ്വര്‍ണത്തിന്റെ നികുതി മൂന്ന് ശതമാനത്തില്‍ നിന്നും പകുതിയായി കുറച്ചാല്‍ സമാന്തര സ്വര്‍ണ വ്യാപാരത്തെ കടിഞ്ഞാണ്‍ ഇടാനും നികുതി വരുമാനം കൂട്ടാനും സഹായിക്കുമെന്ന് ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍(GJC) ദേശീയ ഡയറക്ടറും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
വില്‍പ്പന കൂടുന്നു
ജൂലൈ 23ന് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് വരെ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും അടിസ്ഥാനവികസന, കാര്‍ഷിക സെസും ചേര്‍ത്ത് 18 ശതമാനമായിരുന്നു നികുതി. സ്വര്‍ണത്തിന്റെ നികുതി കുറഞ്ഞതോടെ കേരളത്തില്‍ വില കാര്യമായി ഇടിഞ്ഞത് വില്‍പ്പന കൂടാന്‍ കച്ചവടക്കാരെ സഹായിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയിലെ മാന്ദ്യ ഭീതിയും മിഡില്‍ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളും സ്വര്‍ണ വിലയെ പിന്നീട് ഉയര്‍ത്തി. ബജറ്റില്‍ നികുതി കുറവ് വരുത്തിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരമായ പവന് 53,680 രൂപയിലായിരുന്നു ഇന്നലെ സ്വര്‍ണം. ഇന്ന് 400 രൂപ കുറഞ്ഞ് 53440 രൂപയിലാണ് വ്യാപാരം. ഓണവും വിവാഹസീസണും എത്തിയതോടെ സ്വര്‍ണവ്യാപാര മേഖലയില്‍ വിലക്കയറ്റത്തിനിടയിലും കേരളത്തില്‍ കച്ചവടം പൊടിപൊടിക്കുകയാണ്.
Next Story
Videos