കുഞ്ഞിന്റെ ഡയപ്പറില്‍ വരെ സ്വര്‍ണം, തഴച്ചുവളര്‍ന്ന് കേരളത്തിലെ കള്ളക്കടത്ത് മാഫിയ, കേന്ദ്രത്തിന്റെ നയംമാറ്റം രക്ഷിക്കുമോ?

10 ഗ്രാമിന്‌ ഔദ്യോഗിക വിപണിവിലയേക്കാള്‍ 8,000 രൂപ വരെ വിലക്കുറവിലാണ് ഗ്രേ മാര്‍ക്കറ്റില്‍ വില്‍പ്പന
കുഞ്ഞിന്റെ ഡയപ്പറില്‍ വരെ സ്വര്‍ണം, തഴച്ചുവളര്‍ന്ന് കേരളത്തിലെ കള്ളക്കടത്ത് മാഫിയ, കേന്ദ്രത്തിന്റെ നയംമാറ്റം രക്ഷിക്കുമോ?
Published on

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കേരളത്തിലേക്ക്‌ ഒഴുകിയെത്തുന്നത് കിലോക്കണക്കിന് വ്യാജ സ്വര്‍ണമാണ്. വന്‍ ലാഭക്കണ്ണുകളോടെ മാഫിയ സംഘങ്ങള്‍ വലവിരിക്കുമ്പോള്‍, സംസ്ഥാനത്തെ നിയമവിധേയ ജുവലറി വ്യാപാരികളും സാധാരണക്കാരായ ഉപഭോക്താക്കളുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.

മേയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ (Import Duty) 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുത്തനെ കൂട്ടിയതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വീണ്ടും സജീവമായി തുടങ്ങിയത്. ഇതിനു പിന്നിലെ വലിയ ലാഭം തന്നെയാണ് കാരണം. 10 ഗ്രാമിന്‌ ഔദ്യോഗിക വിപണിവിലയേക്കാള്‍ 8,000 രൂപ വരെ വിലക്കുറവിലാണ് ഗ്രേ മാര്‍ക്കറ്റില്‍ വില്‍പ്പന നടക്കുന്നത്‌. ഈ വന്‍ ലാഭവിഹിതമാണ് നിയമവിരുദ്ധ സംഘങ്ങളെ കൂടുതല്‍ ശക്തമാക്കുന്നത്.

ചരിത്രം ആവര്‍ത്തിക്കുന്നു

ഇറക്കുമതി തീരുവ ഉയര്‍ത്തുമ്പോള്‍ കള്ളക്കടത്ത് വര്‍ധിക്കുന്നത് ഇന്ത്യയില്‍ പുതിയ സംഭവമല്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) കണക്കുകള്‍ വ്യക്തമാക്കുന്നു. 2013 ആരംഭത്തില്‍ ഇറക്കുമതി തീരുവ 4 ശതമാനം കൂട്ടിയപ്പോള്‍ അനധികൃത സ്വര്‍ണക്കടത്ത് 10 ടണ്ണില്‍ നിന്ന് ഏഴിരട്ടിയായി ഉയര്‍ന്ന് 70 ടണ്ണിലെത്തി. തുടര്‍ന്ന് നികുതി 10% ആയി നിലനിര്‍ത്തിയപ്പോഴും ഓരോ പാദത്തിലും ശരാശരി 34 ടണ്‍ സ്വര്‍ണം വീതം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. 2022 ജൂലൈയില്‍ തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയപ്പോഴും സമാനമായി അനധികൃത ഇറക്കുമതി 17 ടണ്ണില്‍ നിന്ന് 50 ടണ്ണിലേക്ക് കുതിച്ചുയര്‍ന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 3,005 സ്വര്‍ണക്കടത്ത് കേസുകളില്‍ 2,600 കിലോ സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷവും 100 ടണ്ണിലധികം സ്വര്‍ണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലേക്ക് കടത്തപ്പെടാമെന്നാണ് വ്യാപാരികളുടെ സംഘടനയായ ഇന്ത്യ ബുള്ളിയന്‍ & ജുവലേഴ്സ് അസോസിയേഷന്‍ (IBJA) മുന്നറിയിപ്പ് നല്‍കുന്നത്.

മാഫിയയുടെ ക്രൂരമായ മുഖം

ദേശീയതലത്തില്‍ ഡി.ആര്‍.ഐ (DRI) നടത്തുന്ന വ്യാപക പരിശോധനകളില്‍ അടുത്തിടെ മാത്രം 27 കിലോഗ്രാമിലധികം കള്ളക്കടത്ത് സ്വര്‍ണം പിടികൂടുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേസമയം, കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞു. ഓഗസ്റ്റില്‍ മാത്രം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന 8 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ലാഭക്കൊതി മൂത്ത മാഫിയകള്‍ സ്വന്തം കുടുംബങ്ങളെയും പിഞ്ചുകുഞ്ഞുങ്ങളെയും വരെ കാരിയര്‍മാരാക്കാന്‍ മടിക്കുന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ അരക്കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശിയായ പിതാവ് ഡി.ആര്‍.ഐയുടെ പിടിയിലായി. ഇതിനു തൊട്ടുമുന്‍പത്തെ ദിവസങ്ങളില്‍ ഇയാളുടെ ഭാര്യയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാപ്കിനില്‍ ഒളിപ്പിച്ച നിലയില്‍ 1.78 കിലോ സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയിരുന്നു. മാഫിയയുടെ ശൃംഖല എത്രത്തോളം ഭീതിജനകമായി വ്യാപിച്ച് കഴിഞ്ഞു എന്നതിന്റെ തെളിവാണിത്.

ഉയര്‍ന്ന നികുതി കാരണം ഗ്രേ മാര്‍ക്കറ്റ് ശക്തിപ്പെടുന്നത് നിയമപരമായി ബിസിനസ് ചെയ്യുന്ന സാധാരണ വ്യാപാരികളെ പാപ്പരാക്കുകയാണ്. ഇറക്കുമതി തീരുവ കുറയ്ക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം എങ്ങോട്ടാണ് പോകുന്നത്?

പിടിക്കപ്പെടുന്ന കേസുകള്‍ പരിശോധിച്ചാല്‍ സാധാരണയായി വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം പ്രത്യേക കാരിയര്‍മാര്‍ക്ക് കൈമാറുന്നു. പിന്നീട് ചെറിയ യൂണിറ്റുകളിലും രഹസ്യ കേന്ദ്രങ്ങളിലും ഇവ ഉരുക്കിടെയുത്ത് ബാര്‍/ബിസ്‌കറ്റ് രൂപം മാറ്റി സാധാരണ സ്വര്‍ണവുമായി കലര്‍ത്തുന്നു. പഴയ സ്വര്‍ണം എന്ന പേരില്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവിധ ജില്ലകളിലെ ഇടനിലക്കാര്‍ വഴി ജുവലറി വിപണിയിലേക്കും ഇവ എത്തിക്കുന്നുണ്ട്. ഫണ്ടര്‍മാര്‍, കാരിയര്‍മാര്‍, റിസീവര്‍മാര്‍, ഉരുക്കല്‍ കേന്ദ്രങ്ങള്‍, വിതരണക്കാര്‍ എന്നിവരടങ്ങുന്ന വലിയ സംഘടിത ശൃംഖലതന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്താവളങ്ങള്‍ക്ക് പുറമെ നഗരങ്ങളിലും വാഹനങ്ങളിലും നടക്കുന്ന 'ടൗൺ സീഷറുകൾ' വന്‍ റാക്കറ്റുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് 2021 മുതല്‍ 2025 ഒക്ടോബര്‍ വരെ 2,339 സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ കസ്റ്റംസ് മൂല്യം ഏകദേശം 1,277 കോടി രൂപയാണെന്നും പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്രത്തിന്റെ നയം മാറ്റം രക്ഷിക്കുമോ?

ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നത് താല്‍ക്കാലികമായി സര്‍ക്കാരിന് നേട്ടമുണ്ടാക്കുമെങ്കിലും ഇത് തഴച്ചുവളര്‍ത്തുന്നത് ഗ്രേ മാര്‍ക്കറ്റിനെ മാത്രമാണെന്ന് ഓള്‍ ഇന്ത്യ ജെം & ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJDC) ചെയര്‍മാന്‍ രാജേഷ് റോക്‌ഡെ വ്യക്തമാക്കുന്നു. സ്വര്‍ണ്ണത്തിന്റെ തീരുവ 5 ശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.

കള്ളക്കടത്തിന് ആക്കം കൂട്ടിയ 15 ശതമാനം ഇറക്കുമതി തീരുവ വീണ്ടും 6 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. ഈ നയം മാറ്റം നടപ്പിലായാല്‍ അന്താരാഷ്ട്ര വിപണിയും ഇന്ത്യന്‍ വിപണിയും തമ്മിലുള്ള വില വ്യത്യാസം ഇല്ലാതാകും. ഇതോടെ കള്ളക്കടത്ത് ലാഭകരമല്ലാതായി മാറും.

മാത്രമല്ല, 9% നികുതി ഇളവ് വരുന്നതോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും. വ്യാജന്മാരെ പേടിക്കാതെ സാധാരണക്കാര്‍ക്ക് ബില്ലുകളോടെ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

നികുതി ഇളവുകളിലൂടെ കള്ളക്കടത്തിന്റെ വേരറുത്താല്‍ മാത്രമേ സംസ്ഥാനത്തെ നിയമപരമായ സ്വര്‍ണ വിപണിയെയും അതിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെയും രക്ഷിക്കാന്‍ സാധിക്കൂ.

High import duties fuel a massive gold smuggling boom in Kerala, leaving local jewellers and legal trade struggling to stay afloat.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

യുഎസില്‍ നിന്ന് സ്വര്‍ണശേഖരം മാറ്റി യൂറോപ്യന്‍ രാജ്യങ്ങള്‍; വന്‍ മാറ്റങ്ങളുമായി ലോകത്തെ കേന്ദ്രബാങ്കുകള്‍; റിസര്‍വ് ബാങ്കിന് താല്പര്യം മറ്റൊന്ന്
Prime minister Modi  and gold picture on the backdrop
സ്വര്‍ണം, വെള്ളി ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്രനീക്കം; കേരളത്തിലെ സ്വര്‍ണമേഖലയെ ഏതുരീതിയില്‍ സ്വാധീനിക്കും?
Airport gold smuggling
```html ```
logo
DhanamOnline
dhanamonline.com