

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് പുതിയ റെക്കോഡ് തൊട്ടു. ഗ്രാമിന് 9,725 രൂപയും പവന് 77,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയും എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,985 രൂപയായി. 14 കാരറ്റിന് 6,215 രൂപയും ഒമ്പത് കാരറ്റിന് 4,010 രൂപയുമാണ് ഇന്നത്തെ വില.
വെള്ളി വിലയും റെക്കോഡിലാണ്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 131 രൂപയായി.
ഓണക്കാലത്ത് തന്നെ പവന്‍ വില 80,000 കടക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ കച്ചവടക്കാരും ആഭരണ പ്രേമികളും. രാജ്യാന്തര വില ഇന്ന് ആദ്യമായി 3,500 ഡോളര്‍ മറികടന്ന് ഔണ്‍സിന് 3,508.54ലെത്തി റെക്കോഡിട്ടു. പിന്നീട് വില അഞ്ച് ഡോളറോളം താഴ്‌ന്നെങ്കിലും മുന്നേറ്റ സാധ്യതയാണ് പ്രവചിക്കുന്നത്.
തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും യു.എസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളുമാണ് സ്വര്‍ണത്തില്‍ വിലക്കുതിപ്പുണ്ടാക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്രാധികാരത്തെ കുറിച്ചുള്ള ആശങ്കകളാണ് ഡോളറിനെ ബാധിക്കുന്നത്.
ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് സ്വര്‍ണ വിലയിലെ മുന്നേറ്റം. ഒരു മാസത്തിനിടയില്‍ സ്വര്‍ണ വിലയില്‍ 3,480 രൂപയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ആഭരണം വാങ്ങുന്നവരെ സംബന്ധിച്ച് ഈ വിലക്കയറ്റത്തിനപ്പുറം മറ്റു ചെലവുകളും കൂടി വഹിക്കേണ്ടി വരും. അതായത് ഇന്ന് പവന്റെ വില 77,800 രൂപയാണെങ്കിലും ആഭരണമായി വാങ്ങുമ്പോള്‍ പണിക്കൂലി, ജി.എസ്.ടി മറ്റ് നികുതികള്‍ എന്നിവയും കൂടി ഇതിനൊപ്പം നല്‍കണം. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ പോലും ഇന്ന് ആഭരണത്തിന് 83,000 രൂപയ്ക്ക് അടുത്താകും.
Gold prices surge past ₹77,800 per sovereign in Kerala amid global highs, with fears of crossing ₹80,000 ahead of Onam.
Read DhanamOnline in English
Subscribe to Dhanam Magazine