ഡെമോക്രാറ്റ് മുന്നേറ്റത്തില്‍ കത്തിക്കയറി സ്വര്‍ണം, കേരളത്തില്‍ മൂന്ന് മണിക്കൂറിനിടെ പവന്‌ ₹2,120 വര്‍ധന, കുതിപ്പ് തുടരുമോ, അതോ തിരുത്തലുണ്ടാകുമോ?

അന്താരാഷ്ട്ര വിപണിയില്‍ 4,000 ഡോളര്‍ കടന്ന സ്വര്‍ണവില ലാഭമെടുപ്പ് മൂലം താല്കാലിക സമ്മര്‍ദ്ദത്തില്‍; വരും ദിനങ്ങള്‍ നിര്‍ണായകം
Gold Price Kerala Updates
പ്രതീകാത്മക ചിത്രംAI Assisted Image
Published on: 

അമേരിക്കന്‍ സെനറ്റ് തിരഞ്ഞെടുപ്പ് ഫലത്തില്‍ ഡെമോക്രാറ്റുകള്‍ നേട്ടം കൈവരിച്ചതോടെ ആഗോള സ്വര്‍ണവിപണിയില്‍ ശക്തമായ മുന്നേറ്റം. ഇതിന്റെ ആഘാതത്തില്‍ കേരളത്തിലും സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ച വേളയിലെ നിരക്കില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വിലയില്‍ ആകെ 2,320 രൂപയുടെ വര്‍ധന രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ രാവിലെ ഔണ്‍സിന് 3,937 ഡോളറിലായിരുന്ന സ്വര്‍ണം മിനിറ്റുകള്‍ക്കുള്ളില്‍ 4,009 ഡോളറിലേക്ക് കുതിച്ചെത്തി. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്ക് 12 മണിയോടെ കേരളത്തിലെ സ്വര്‍ണ വ്യാപാര സംഘടനകള്‍ വില പുതുക്കി നിശ്ചയിച്ചത്.

ചെറു കാരറ്റുകളുടെ വിലയും ആനുപാതികമായി വര്‍ധിച്ചു. 22 കാരറ്റിന് ഗ്രാമിന് 225 രൂപ വര്‍ധിച്ച് 10,720 രൂപയായപ്പോള്‍ 14 കാരറ്റിന് ഗ്രാമിന് 8,380 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,405 രൂപയുമാണ് വില.

സ്വര്‍ണവിലയെ നയിക്കുന്ന പ്രധാന കാരണങ്ങള്‍

ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകളിലെ തകര്‍ച്ചയുമാണ് സ്വര്‍ണത്തിന് പെട്ടെന്നുള്ള മുന്നേറ്റം നല്‍കിയത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന രാഷ്ട്രീയ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളും തീരുവ നിര്‍ദേശങ്ങളും നടപ്പാക്കുന്നതില്‍ കൂടുതല്‍ രാഷ്ട്രീയ തടസങ്ങള്‍ നേരിടേണ്ടിവരുമെന്ന വിലയിരുത്തലും വിപണി വികാരത്തെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

4,000 ഡോളറിന് മുകളില്‍ നിലനില്‍ക്കുമോ?

4,009 ഡോളര്‍ എന്ന റെക്കോഡ് നിലവാരം തൊട്ടതിന് പിന്നാലെ വില വീണ്ടും 4,000 ഡോളറിലേക്ക് താഴ്ന്നത് വിപണിയിലെ അനിശ്ചിതത്വത്തിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 4,000 ഡോളറിന് മുകളില്‍ ശക്തമായ ലാഭമെടുപ്പ് (Profit-booking) നടന്നതാണ് വില നേരിയ തോതില്‍ താഴേക്ക് വരാൻ കാരണം.

അന്താരാഷ്ട്ര വിപണിയില്‍ 4,000 ഡോളറിന് മുകളില്‍ വില സ്ഥിരത കൈവരിക്കുകയും 4,000-4,009 ഡോളര്‍ പ്രതിരോധ നിലവാരം (Resistance Level) ഭേദിക്കുകയും ചെയ്താല്‍ സ്വര്‍ണത്തിന് ഇനിയും മേല്‍പ്പോട്ട് കുതിക്കാനാകും. എന്നാല്‍ അമേരിക്കയിലെ തൊഴില്‍വിപണി ശക്തമായി തുടരുകയും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്താല്‍ ഡോളര്‍ തിരിച്ചുകയറുകയും സ്വര്‍ണവിലയില്‍ തിരുത്തലുണ്ടാകുകയും ചെയ്യാം.

കേരള വിപണിയില്‍ പ്രത്യാഘാതം എന്ത്?

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കൊപ്പം രൂപയുടെ വിനിമയനിരക്കിലെ വ്യതിയാനങ്ങളും ആഭ്യന്തര സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.ജി.എസ്.എം.എ) ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു. രൂപ ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയിലെ ചെറിയ മാറ്റങ്ങള്‍ പോലും കേരളത്തിലെ റീറ്റെയ്ല്‍ നിരക്കില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വഴിവെക്കാം.

ചുരുക്കത്തില്‍, 4,000 ഡോളര്‍ എന്ന ചരിത്രപരമായ പ്രതിരോധ അതിര് കടന്നത് വലിയ മുന്നേറ്റമാണെങ്കിലും, ശക്തമായ വില്‍പ്പന സമ്മര്‍ദം വിപണിയിലുണ്ട്. 4,000 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരുംദിവസങ്ങളില്‍ വിപണിയില്‍ തിരുത്തല്‍ (Correction) പ്രതീക്ഷിക്കാം.

Gold prices spiked sharply following political shifts in the US Senate election, pushing Kerala prices up by Rs 2,120 per pavan before encountering profit-taking resistance.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```